ജൂൺ 23, ചൊവ്വാഴ്ച്ച മുതൽ യു എ ഇയിൽ നിന്ന് നിയന്ത്രണങ്ങളോടെ വിദേശ യാത്രകൾക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷൻ (MOFAIC), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA), നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് (NCEMA) എന്നിവർ സംയുക്തമായാണ് ജൂൺ 15-നു രാത്രി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
തിരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളിലുള്ള യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും ഏതാനം ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായിരിക്കും ഈ തീരുമാനപ്രകാരം അനുവാദം നൽകുക. വിദേശയാത്രകൾക്ക് അനുവാദമുള്ള വിഭാഗങ്ങളെക്കുറിച്ചോ, ഇടങ്ങളെക്കുറിച്ചോ ഈ അറിയിപ്പിൽ പറയുന്നില്ലെങ്കിലും, ഇവ അടുത്ത് തന്നെ പ്രഖ്യാപിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും യാത്രകൾ എന്ന് അറിയിപ്പിൽ പറയുന്നുണ്ട്. യാത്രികർ പാലിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും താമസിയാതെ പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അനുമതി ലഭിക്കുന്ന പൗരന്മാരും, നിവാസികളും യാത്രകൾക്ക് മുൻപും, യാത്രാ വേളയിലും, വിദേശത്ത് തങ്ങുന്ന വേളയിലും, തിരികെ യു എ ഇയിലേക്ക് പ്രവേശിക്കുമ്പോഴും ഇവ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
യു എ ഇയിൽ കഴിഞ്ഞ ദിനങ്ങളിൽ ഉണ്ടായിട്ടുള്ള COVID-19 സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം, രോഗവ്യാപനം തടയുന്നതിൽ വന്നിട്ടുള്ള വലിയ പുരോഗതി കണക്കിലെടുത്തും, നിലവിൽ രാജ്യത്തുള്ള പ്രതിരോധ നടപടികൾ ഫലപ്രദമാണെന്ന് കണ്ടതിനെത്തുടർന്നുമാണ് അധികൃതർ ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.