യു എ ഇ: COVID-19 ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

GCC News

COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 1-ന് രാത്രിയാണ് യു എ ഇ ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.

മറ്റൊരു അറബ് രാജ്യത്തിലൂടെ ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്ന് യു എ യിലേക്ക് പ്രവേശിച്ച ഒരു ആഫ്രിക്കൻ വനിതയിലാണ് രാജ്യത്ത് ഒമിക്രോൺ വകഭേദം ആദ്യമായി കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇയിൽ നിലവിൽ ബാധകമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് ഇവർ രാജ്യത്ത് പ്രവേശിച്ചതെന്നും, ഇവർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തിയാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ഇവരെയും, ഇവരുമായി സമ്പർക്കത്തിനിടയായ വ്യക്തികളെയും പ്രത്യേക പരിശോധനകൾക്ക് വിധേയരാക്കിയതായും, ഇവരെ ഐസൊലേറ്റ് ചെയ്തതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇവർക്ക് രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലെന്നും, ആവശ്യമായ ചികിത്സാ നടപടികൾ ഉറപ്പാക്കിയതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഈ വകഭേദം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നതിൽ യു എ ഇ ആരോഗ്യ രംഗം പൂർണ്ണ സജ്ജമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഈ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള വാക്സിൻ കുത്തിവെപ്പുകൾ കൃത്യമായി സ്വീകരിക്കാൻ ജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Cover Photo: WAM.