COVID-19: വിസ നടപടികളിൽ യു എ ഇ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

GCC News

കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനായുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി യുഎഇ വിസ നടപടികളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇപ്പോളുള്ള അസാധാരണമായ സാഹചര്യത്തിൽ രാജ്യത്തിനു അകത്തേക്കും പുറത്തേക്കും ഉള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കുന്നതിനായാണ് ഈ നിയന്ത്രണങ്ങൾ.

നിലവിൽ രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസക്കാർക്ക് മാർച്ച് 19-നു ഉച്ച മുതൽ പ്രവേശനവിലക്കേർപ്പെടുത്തി

നിലവിൽ യു എ ഇയ്ക്ക് പുറത്തുള്ള റെസിഡൻസി വിസ ഉള്ളവർക്കും മാർച്ച് 19, വ്യാഴാഴ്ച്ച ഉച്ച മുതൽ രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വേണമെങ്കിൽ ഈ പ്രവേശന വിലക്കിന്റെ കാലാവധി നീട്ടാൻ സാധ്യതയുണ്ട്.

ഓൺ അറൈവൽ വിസകളുടെ വിതരണം താത്കാലികമായി നിർത്തലാക്കി

മാർച്ച് 19, വ്യാഴാഴ്ച്ച മുതൽ ഓൺ അറൈവൽ വിസകൾക്ക് അർഹതയുള്ള രാജ്യങ്ങളിലെ യാത്രികർക്കും അത്തരം വിസകൾ നൽകുന്നത് താത്കാലികമായി നിർത്തി വെച്ചിട്ടുണ്ട്. നയതന്ത്രജ്ഞർക്ക് ഒഴികെ നിലവിൽ ആർക്കും വിസ ഓൺ അറൈവൽ സേവനങ്ങൾ ലഭ്യമാക്കുന്നതല്ല എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു.

ഓൺ അറൈവൽ വിസകൾക്ക് അർഹതയുള്ള രാജ്യങ്ങളിൽ യാത്രയ്ക്ക് മുന്നേ ആരോഗ്യ സുരക്ഷാ പരിശോധനകൾക്കുള്ള നടപടികൾ നിലവിൽ വരുന്നത് വരെ ഈ നടപടി തുടരും.

മാർച്ച് 17-നു മുൻപ് അനുവദിച്ചതും നിലവിൽ രാജ്യത്തു പ്രവേശിക്കാത്തതുമായ എല്ലാ പ്രവേശന വിസകളും റദ്ദാക്കി

മാർച്ച് 17-നു മുൻപ് അനുവദിച്ച എല്ലാ പുതിയ വിസകളും റദ്ദാക്കിയതായി ജനറൽ ഡയറക്ടറേറ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് അറിയിച്ചു. നിലവിൽ അനുവദിക്കപ്പെട്ട എന്നാൽ രാജ്യത്തു ഇതുവരെ പ്രവേശിക്കാത്ത എല്ലാ പുതിയ സന്ദർശക, ടൂറിസ്റ്റ്, റെസിഡൻസി വിസകളും റദ്ദാക്കിയതായും ഈ വിസകളിൽ യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ കാലാവധിയ്ക്ക് മുന്നേ അനുവദിച്ചിട്ടുള്ള വിസകൾക്ക് ഈ തീരുമാനം ബാധകമാക്കിയിട്ടില്ല എന്നായിരുന്നു മാർച്ച് 14-നു പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ വന്നിട്ടുള്ള ഈ ഉത്തരവ് പ്രകാരം നിലവിൽ അനുവദിച്ചിട്ടുള്ള എല്ലാ പുതിയ വിസകളും റദ്ദാകും. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പുതിയ വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിപ്പിൽ പറയുന്നുണ്ട്.

1 thought on “COVID-19: വിസ നടപടികളിൽ യു എ ഇ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

Comments are closed.