രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഏർപ്പെടുത്തുന്ന പ്രത്യേക തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി പ്രഖ്യാപിച്ചിരുന്ന അവസാന തീയതി നീട്ടിയതായി യു എ ഇ അധികൃതർ അറിയിച്ചു. 2023 ജൂൺ 15-നാണ് യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ഈ പദ്ധതിയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യാത്ത വ്യക്തികൾക്ക് പിഴ ചുമത്തുന്ന നടപടികൾ 2023 ഒക്ടോബർ 1 വരെ നീട്ടിവെച്ചിട്ടുണ്ട്. ഈ തീയതിയ്ക്കകം ഇത്തരത്തിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണ്.
നേരത്തെ 2023 ജൂലൈ 1 വരെയാണ് പിഴ ഒഴിവാക്കുന്നതിനായി ഈ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് അനുവദിച്ചിരുന്നത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് 2023 ജനുവരി 1 മുതലാണ് തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതിയിൽ യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന പൗരന്മാർക്കും, പ്രവാസികൾക്കും പങ്ക് ചേരാവുന്നതാണ്.
കുറഞ്ഞ ചെലവിൽ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് ദുബായ് ഇൻഷുറൻസിന് കീഴിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. അച്ചടക്ക സംബന്ധമായ കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കും, ജോലി സ്വയം രാജിവെക്കുന്നവർക്കും ഒഴികെയുള്ളവർക്ക് ഈ പദ്ധതിയുടെ കീഴിൽ പരമാവധി മൂന്ന് മാസം വരെ സാമ്പത്തിക സഹായം ലഭ്യമാകുന്നതാണ്.