യു എ ഇ: റെസിഡൻസി വിസകൾക്കുള്ള പ്രവേശന വിലക്ക് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി

GCC News

റെസിഡൻസി വിസകൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്കിന്റെ കാലാവധി യു എ ഇ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മാർച്ച് 19, വ്യാഴാഴ്ച്ച ഉച്ചമുതൽ രണ്ടാഴ്ചത്തേക്കാണ് യു എ ഇയ്ക്ക് പുറത്തുള്ള റെസിഡൻസി വിസക്കാർക്ക് കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏർപ്പെടുത്തിയത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വേണമെങ്കിൽ ഈ പ്രവേശന വിലക്കിന്റെ കാലാവധി നീട്ടാൻ സാധ്യതയുണ്ട് എന്ന് അന്ന് തന്നെ മന്ത്രാലയം അറിയിച്ചിരുന്നു.

നിലവിൽ രാജ്യത്തിന് പുറത്തുള്ള റെസിഡൻസി വിസക്കാരോട് കഴിയുന്നതും വിദേശകാര്യ മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ രെജിസ്റ്റർ ചെയ്യാൻ മന്ത്രാലയം വീണ്ടും ആഹ്വാനം ചെയ്തിട്ടുണ്ട്.

അടിയന്തിര ഘട്ടങ്ങളിൽ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാനും, രാജ്യത്തിന് പുറത്തുള്ള നിവാസികൾക്ക് ആവശ്യമായ സന്ദേശങ്ങളും അറിയിപ്പുകളും മന്ത്രാലയത്തിന് അറിയിക്കാനും ഈ രെജിസ്ട്രേഷൻ സഹായകമാകും.

നിലവിൽ യു എ ഇ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച ഈ ഓൺലൈൻ സേവനത്തിൽ 29,000ത്തോളം പേർ രെജിസ്റ്റർ ചെയ്തതായി അധികൃതർ മാർച്ച് 28-നു അറിയിച്ചിരുന്നു.