യുഎഇയിലെ സംരക്ഷിത പ്രദേശങ്ങളുടെ വിപുലീകരണത്തിലും വികസനത്തിലും ഉണ്ടായ പുരോഗതി, പരിസ്ഥിതി സംരക്ഷണത്തിൽ യു എ ഇയുടെ കാഴ്ചപാടുകൾ വ്യക്തമാക്കുന്നതാണെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലോക പരിസ്ഥിതി ദിനത്തിൽ അറിയിച്ചു. 2019-ൽ 44 സംരക്ഷിത പ്രദേശങ്ങൾ ഉണ്ടായിരുന്ന രാജ്യത്ത് ഇന്ന് 49 സംരക്ഷിത മേഖലകൾ ഉണ്ടെന്നത് പരിസ്ഥിതി സംരക്ഷണത്തിൽ യു എ ഇ മുന്നോട്ട് കുതിക്കുന്നു എന്നതിന് അടിവരയിടുന്നതാണ്.
സാമ്പത്തിക രംഗത്തെ വളർച്ച മാത്രം ലക്ഷ്യമിടുന്നതല്ല യുഎഇയുടെ ദര്‍ശനം എന്ന് ഡോ. സെയൂദി കൂട്ടിച്ചേർത്തു. “രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, പരിസ്ഥിതിക്ക് കോട്ടങ്ങൾ വരുത്തികൊണ്ടല്ലെന്നത് ഉറപ്പാക്കുകയും, ഇരു മേഖലയുടെയും സമാന്തര വികസനത്തിനു മുൻഗണന നൽകുകയും ചെയ്യുന്ന നയമാണ് രാജ്യം പിന്തുടരുന്നതെന്നും” അദ്ദേഹം അഭിപ്രായപ്പെട്ടു.
“അഞ്ച് പതിറ്റാണ്ടിനിടയിൽ, യുഎഇയുടെ സ്ഥാപക പിതാവ്, അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, തന്റെ ജനങ്ങളിൽ സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്ന ആശയങ്ങൾ ഊട്ടിയുറപ്പിച്ചു, ഇന്ന് നമ്മുടെ വിവേകമുള്ള നേതൃത്വം അദ്ദേഹത്തിന്റെ പാരമ്പര്യത്തെ നിലനിർത്തുന്നു.” ഡോ. സെയൂദി കൂട്ടിച്ചേർത്തു.
“ജൈവവൈവിദ്ധ്യം” എന്ന വിഷയത്തിൽ അധിഷ്ഠിതമായ 2020-ലെ ലോക പരിസ്ഥിതി ദിനത്തിൽ, സ്വദേശത്തും വിദേശത്തുമുള്ള സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിൽ യു എ ഇയുടെ പങ്ക് രാജ്യത്തിന് നൽകിയിട്ടുള്ള ആഗോളതലത്തിലുള്ള അംഗീകാരങ്ങൾ വളരെ വലുതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യുഎഇയിലെ സംരക്ഷിത പ്രദേശങ്ങളുടെ എണ്ണം 49 ആയി ഉയര്‍ത്താൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഷാർജയിലെ 5 പുതിയ സംരക്ഷിത പ്രദേശങ്ങൾ, അബുദാബി എമിറേറ്റിലെ അൽ ദിൽഫാവേയ പ്രൊട്ടക്റ്റഡ് ഏരിയയുടെ 45 ചതുരശ്ര കിലോമീറ്റർ വിപുലീകരണം എന്നിവ രാജ്യത്തെ മൊത്തം സംരക്ഷിത പ്രദേശങ്ങളെ 15.5 ശതമാനമായി ഉയർത്താൻ സഹായിച്ചു. ഇതെല്ലം അഭിമാനകരമായ നേട്ടങ്ങളാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ അറിയിച്ചു.
വംശനാശഭീഷണി നേരിടുന്ന ഫാൽക്കണുകൾ, ദുഗോംഗ്, ഹൌബര ബസ്റ്റാർഡ്, അറേബ്യൻ ഒറിക്സ് എന്നീ ഇനങ്ങളെ സംരക്ഷിക്കുന്നതിനായി ഫലപ്രദമായ പല വന്യജീവി പുനരധിവാസ പദ്ധതികളും യു എ ഇ നടപ്പിലാക്കിയതായും അദ്ദേഹം അറിയിച്ചു. യുഎഇയുടെ പ്രകൃതി മൂലധനത്തിന്റെ സ്മാർട്ട് മാപ്പ്, കടലാമകളുടെ സംരക്ഷണത്തിനായുള്ള 2019-2021 ദേശീയ പ്രവർത്തന പദ്ധതി, സ്രാവുകളുടെ സംരക്ഷണത്തിനും മാനേജ്മെന്റിനുമായി 2018-2021 ദേശീയ പ്രവർത്തന പദ്ധതി എന്നിവ നടപ്പിലാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം ഈ മേഖലയിൽ വലിയ മുന്നേറ്റം നടത്തി. രാജ്യത്തെ പ്രധാന പക്ഷി, ജൈവവൈവിധ്യ മേഖലകളുടെ, IBA, പട്ടിക മന്ത്രാലയം പുതുക്കുകയും “യുഎഇയുടെ പ്രകൃതി അത്ഭുതങ്ങൾ” എന്ന പേരില്‍ ദേശീയ പരിസ്ഥിതി ടൂറിസം പദ്ധതി ആരംഭിക്കുകയും ചെയ്തു.
ആഗോളതലത്തിൽ, ഒരു പ്രധാന ജീവകാരുണ്യ എൻഡോവ്‌മെന്റായ മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ട്, “ഇന്നുവരെ, 160 രാജ്യങ്ങളിലെ വംശനാശഭീഷണി നേരിടുന്ന 1,350 ജീവജാലങ്ങളെ സംരക്ഷിക്കാൻ 20 മില്യൺ യുഎസ് ഡോളറിലധികം നല്‍കി പിന്തുണച്ചിട്ടുണ്ട്,” ഡോ. സെയൂദി അഭിപ്രായപ്പെട്ടു. കൂടാതെ, ഹൌബര സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഫണ്ട് ഒരു ആഗോള മാതൃകയായി അംഗീകരിക്കപ്പെട്ടു. ക്യാപ്റ്റീവ് ബ്രീഡിംഗ് പ്രോഗ്രാം ആരംഭിച്ചതിനുശേഷം, ഫണ്ട് 285,000 പക്ഷികളെ കുടിയേറ്റ പരിധിയിലുടനീളം പുറത്തിറക്കി.
പവിഴപ്പുറ്റുകൾ, കടൽത്തീരങ്ങൾ, കണ്ടൽക്കാടുകൾ, ടൈഡൽ ഫ്ലാറ്റുകൾ, മണൽത്തീരങ്ങൾ എന്നിവയുൾപ്പെടെ 50-ലധികം ആവാസവ്യവസ്ഥകളുള്ള യു എ ഇയിൽ ഇന്ന് 3,787 ഇനം ജീവജാലങ്ങളുണ്ട്.
“ലോക പരിസ്ഥിതി ദിനത്തിൽ, ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. ഏറ്റവും ചെറിയ ജീവിവർഗ്ഗങ്ങൾ പോലും ഇല്ലാതാകുന്നത് ലോകത്തിലെ ആവാസവ്യവസ്ഥയുടെ അസ്ഥിരതയിലേക്ക് നയിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മനുഷ്യചരിത്രത്തിലെ മറ്റേതൊരു സമയത്തേക്കാളും വേഗത്തിൽ സസ്യജന്തുജാലങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, ലോകം അതിന്റെ പ്രകൃതിദത്ത വ്യവസ്ഥകളെ സംരക്ഷിക്കുന്നതിന് പരിവർത്തനാത്മക നടപടികള്‍ സ്വീകരിക്കണം. ഇത് പ്രകൃതിക്കുവേണ്ടിയുള്ള സമയമാണ്“. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ഡോ. സെയൂദി കൂട്ടിച്ചേർത്തു.
അവലംബം: WAM