എക്സ്പോ 2020 ദുബായ്: യു എ ഇ ആഭ്യന്തര വകുപ്പ് മന്ത്രി മൊറോക്കോ പവലിയൻ സന്ദർശിച്ചു

UAE

യു എ ഇ ആഭ്യന്തര വകുപ്പ് മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി മൊറോക്കോയുടെ പവലിയൻ സന്ദർശിച്ചു. 2022 ജനുവരി 23-നാണ് ഷെയ്ഖ് സൈഫ് ബിൻ സായിദ് ഈ പവലിയനുകൾ സന്ദർശിച്ചത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എക്സ്പോ 2020 ദുബായ് വേദിയിലെ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് മൊറോക്കോയുടെ പവലിയൻ സ്ഥിതി ചെയ്യുന്നത്.

‘ഭാവി പൈതൃകം – പ്രചോദനദായകമായ ഉത്‌പത്തിയിൽ നിന്ന് സുസ്ഥിരമായ വികസനത്തിലേക്ക്’ എന്ന ആശയത്തിലൂന്നി നിർമ്മിച്ചിട്ടുള്ള ഈ പവലിയൻ താരീഖ് വ്യൂലാലുവാണ് രൂപകൽപന ചെയ്തിരിക്കുന്നത്. നിപുണത, അവസരങ്ങൾ, പ്രചോദനം എന്നിവയാൽ സമ്പന്നമായ മൊറോക്കോ എന്ന രാജ്യത്തെ ഈ പവലിയൻ പ്രതിനിധീകരിക്കുന്നു.

മൊറോക്കോയുടെ ചരിത്രമുറങ്ങുന്ന പ്രാചീന തെരുവുകളെയും, അവയുടെ മുഖപ്പുകളെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ പവലിയന്റെ രൂപകൽപ്പന.

ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് മൊറോക്കോയുടെ ചരിത്രം, സത്വം, നേട്ടങ്ങൾ മുതലായവ മനസ്സിലാക്കുന്നതിന് അവസരം ലഭിക്കുന്നു. ഇതോടൊപ്പം സുസ്ഥിരതയിൽ ഊന്നിക്കൊണ്ടുള്ള മൊറോക്കോയുടെ ഭാവി ദർശനങ്ങളും ഈ പവലിയൻ ചൂണ്ടിക്കാട്ടുന്നു.

WAM