യു എ ഇ ‘പതാക ദിനം’ ആചരിക്കുന്നതിന്റെ ഭാഗമായി, വൈസ് പ്രസിഡന്റും, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ 2023 നവംബർ 3-ന് ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തി.
തുടർന്ന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പരമോന്നത കൗൺസിൽ അംഗങ്ങൾ, എമിറേറ്റ്സ് ഭരണാധികാരികൾ, കിരീടാവകാശികൾ എന്നിവർക്കും യു എ ഇയിലെ എല്ലാ പൗരന്മാർക്കും, നിവാസികൾക്കും മൻസൂർ ബിൻ സായിദ് ആശംസകൾ നേർന്നു.
പ്രസിഡൻഷ്യൽ കോർട്ട് പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് സെക്രട്ടറി ജനറൽ അഹമ്മദ് മുഹമ്മദ് അൽ ഹമീരി, യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അഹമ്മദ് ജുമാ അൽ സാബി എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.
“ദേശീയ പതാക ഉയർത്തുന്നതിനായി ഒറ്റക്കെട്ടായി യു എ ഇയിലെ എല്ലാ ജനങ്ങളും ഈ അവസരത്തിൽ ഒത്ത് ചേരുന്നു; നമ്മുടെ രാഷ്ട്രത്തിന്റെ അഭിമാനം, വിശ്വസ്‌തത എന്നിവയുടെ അടയാളമാണ് ഈ പതാക. നമ്മളെല്ലാം ഒത്ത് ചേരുന്ന ഈ നിമിഷത്തിൽ നമ്മുടെ രാഷ്ട്രത്തെ കൂടുതൽ ശോഭനമായ ഭാവിയിലേക്ക് നയിക്കുന്നതിന് നമ്മുടെ വരും തലമുറ പ്രാപ്തരായിരിക്കും എന്നതിൽ നമുക്ക് പൂർണ്ണ വിശ്വാസമുണ്ട്.”, പതാക ദിനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
“നമ്മുടെ രാഷ്ട്രത്തിന്റെ പ്രതീകം; നമ്മുടെ പ്രതാപത്തിന്റെ കൊടിക്കൂറ; നമ്മുടെ ദേശീയ പതാക; യു എ ഇയുടെ രാഷ്ട്രപതാക…”, H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ വേളയിൽ അറിയിച്ചു.
അബുദാബി ക്രവുൺ പ്രിൻസ് കോർട്ടിൽ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് യു എ ഇ ദേശീയ പതാക ഉയർത്തി.
ദുബായ് മീഡിയ കൗൺസിൽ, ദുബായ് പ്രസ് ക്ലബ്, ബ്രാൻഡ് ദുബായ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉം സുഖേയിം ബീച്ചിൽ പ്രത്യേക ഫ്ലാഗ് ഗാർഡൻ ഒരുക്കിയിരുന്നു.
ആറായിരത്തോളം യു എ ഇ ദേശീയ പതാകകൾ പ്രത്യേക രീതിയിൽ അണിനിരത്തിക്കൊണ്ട് ദുബായ് ഭരണാധികാരി, ദുബായ് കിരീടാവകാശി, ദുബായ് ഡെപ്യൂട്ടി ഭരണാധികാരി, ദുബായ് സെക്കൻഡ് ഡെപ്യൂട്ടി ഭരണാധികാരി തുടങ്ങിയ നേതാക്കളുടെ ഛായാചിത്രങ്ങൾ തീർക്കുന്ന രീതിയിലായിരുന്നു ഈ ഫ്ലാഗ് ഗാർഡൻ ഒരുക്കിയിരുന്നത്.
Cover Image: WAM.