ഇന്ത്യയിൽ നടന്ന മൂന്നാമത് ബ്രിക്സ് ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ യു എ ഇ പങ്കെടുത്തു

GCC News

ഇന്ത്യയിലെ നാഗ്പൂരിൽ വെച്ച് നടന്ന മൂന്നാമത് ബ്രിക്സ് ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ യു എ ഇയെ പ്രതിനിധീകരിച്ച് കൊണ്ട് മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ (MoEI) പങ്കെടുത്തു. 2026 ജൂലൈ 20-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള നിർമ്മാണം’ എന്ന പ്രമേയത്തിൽ ഇന്ത്യയുടെ 2026 ബ്രിക്‌സ് പ്രസിഡൻസിയുടെ ഭാഗമായി നടന്ന ഈ യോഗത്തിൽ ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള ഗതാഗത മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

MoEI-യുടെ അടിസ്ഥാന സൗകര്യ, ഗതാഗത നിയന്ത്രണ മേഖലയുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് നാസർ അൽ ഖാസിമിയാണ് യു എ ഇ പ്രതിനിധി സംഘത്തെ നയിച്ചത്. സുസ്ഥിര ഗതാഗത സംവിധാനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി തന്ത്രപരമായ മുൻഗണനകളെക്കുറിച്ചുള്ള ചർച്ചകളിൽ യു എ ഇ പ്രതിനിധി സംഘം പങ്കെടുത്തു.

നവീകരണം വളർത്തുക, ഗതാഗത മേഖലയിലെ ഡീകാർബണൈസേഷൻ ത്വരിതപ്പെടുത്തുക, സ്മാർട്ട് അർബൻ മൊബിലിറ്റി പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുക, വിതരണ ശൃംഖലകളുടെയും ലോജിസ്റ്റിക് സേവനങ്ങളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുക, ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിൽ ഗവേഷണ, സാങ്കേതിക സഹകരണം വികസിപ്പിക്കുക തുടങ്ങിയയായിരുന്നു ഈ യോഗത്തിലെ പ്രധാന വിഷയങ്ങൾ. ഗതാഗത മേഖലയിൽ അംഗരാജ്യങ്ങൾക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒരു രൂപരേഖ തയ്യാറാക്കുന്നതിനുള്ള യോഗത്തിന്റെ സംയുക്ത പ്രഖ്യാപനത്തിന് ബ്രിക്‌സ് ഗതാഗത മന്ത്രിമാർ അംഗീകാരം നൽകി.