രാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതും, സ്വീകരിക്കുന്നതും, പ്രോത്സാഹിപ്പിക്കുന്നതും തടവും, പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൈബർകുറ്റകൃത്യങ്ങൾ, ഊഹാപോഹങ്ങൾ എന്നിവ തടയുന്നതിനുള്ള രാജ്യത്തെ ഫെഡറൽ നിയമം ‘2021/ 34’-ലെ ആർട്ടിക്കിൾ 46 പ്രകാരമാണ് ഈ ശിക്ഷാ നടപടികൾ.
ഇതനുസരിച്ച്, ഔദ്യോഗിക ലൈസൻസ് കൂടാതെ, സംഭാവനകൾ, ധനസഹായം എന്നിവ സ്വീകരിക്കുന്നതിനും, ഇതിന് വേണ്ടി ആഹ്വാനം ചെയ്യുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമായി യു എ ഇയിൽ ഒരു വെബ്സൈറ്റ് നിർമ്മിക്കുകയോ, ഇത്തരം വെബ്സൈറ്റുകളുടെ മേൽനോട്ടം വഹിക്കുകയോ, സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇത്തരം പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് തടവും, 2 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
WAM