യു എ ഇ: മനുഷ്യത്വത്തിന് എതിരായ ഒരു കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്ന് പബ്ലിക് പ്രോസിക്യൂഷൻ

featured GCC News

മനുഷ്യത്വത്തിന് എതിരായ ഒരു കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ആഗോളതലത്തിൽ മനുഷ്യക്കടത്തിന് എതിരെ ആചരിക്കുന്ന ദിനത്തിന്റെ ഭാഗമായി 2022 ജൂലൈ 30-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.

മനുഷ്യക്കടത്തിനെതിരായ ആഗോള ശ്രമങ്ങളിൽ യു എ ഇ പ്രധാനമായ പങ്ക് വഹിക്കുന്നതായും, ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനും, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കുന്നതിനും കൃത്യമായ നിയമസംവിധാനങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. മനുഷ്യത്വം, സഹിഷ്‌ണുത, സഹവര്‍ത്തിത്വം എന്നീ ആശയങ്ങൾക്ക് യു എ ഇ കൽപ്പിക്കുന്ന പ്രാധാന്യം ഇത് എടുത്ത് കാട്ടുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ

രാജ്യത്ത് മനുഷ്യക്കടത്ത് സംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വെബ്സൈറ്റുകൾ, സമൂഹമാധ്യമങ്ങൾ പോലുള്ള വിവരസാങ്കേതിക ശൃംഖലകൾ മുതലായവ ഉപയോഗിച്ച് കൊണ്ട് മനുഷ്യക്കടത്ത് പ്രവർത്തനങ്ങൾ, മനുഷ്യ അവയവങ്ങളുടെ അനധികൃതമായുള്ള വില്പന എന്നിവ ലക്ഷ്യമിട്ടുള്ള കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്ക് തടവും, അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ’34/ 2021′ എന്ന ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 32 പ്രകാരമാണ് ഈ ശിക്ഷാ നടപടികൾ.