മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ നിർമ്മിക്കുന്നവർക്കും, ഇത്തരം വെബ്സൈറ്റുകൾ നടത്തുന്നവർക്കും ഒരു ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 2022 സെപ്റ്റംബർ 12-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.
“രാജ്യത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തികൾ ചെയ്യുന്നതിനോ, മനുഷ്യ അവയവങ്ങൾ കച്ചവടം ചെയ്യുന്നതിനോ വേണ്ടി വെബ്സൈറ്റുകൾ നിർമ്മിക്കുന്നതും, അവ നടത്തുന്നതും, ഇത്തരം വിവരങ്ങൾ ഓൺലൈനിലും, വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് തടവ് ശിക്ഷയും, അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ചുമത്തുന്നതാണ്.”, യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലൂടെ അറിയിച്ചു.
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ’34/ 2021′ എന്ന ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 32 പ്രകാരമാണ് ഈ ശിക്ഷാ നടപടികളെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
മനുഷ്യത്വത്തിന് എതിരായ ഒരു കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്ന് ആഗോളതലത്തിൽ മനുഷ്യക്കടത്തിന് എതിരെ ആചരിക്കുന്ന ദിനത്തിന്റെ ഭാഗമായി 2022 ജൂലൈ 30-ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് മനുഷ്യക്കടത്ത് സംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.