ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. 2024 ജനുവരി 9-ന് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെയും, പ്രതിനിധി സംഘത്തെയും ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വീകരിച്ചിരുന്നു.
ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ചായിരുന്നു ഇരുവരും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ചരിത്രബന്ധങ്ങളും, തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ വളർത്തുന്നതിന്റെ വിവിധ വശങ്ങളും ഇരുവരും ചർച്ച ചെയ്തു.
സമഗ്ര സാമ്പത്തിക പങ്കാളിത്തം, തന്ത്രപ്രധാനമായ വിഷയങ്ങളിലെ പങ്കാളിത്തം തുടങ്ങിയ മേഖലകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇരു രാജ്യങ്ങൾക്കും, ഇരു രാജ്യങ്ങളിലെ ജനങ്ങൾക്കും കൂടുതൽ പ്രയോജനം ലഭിക്കുന്ന പദ്ധതികളെക്കുറിച്ചും ഇരുവരും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. ഉഭയകക്ഷിബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ഇരുകൂട്ടരും ചർച്ചകളിൽ പ്രത്യേകം ഊന്നിപ്പറഞ്ഞു.
ഇതിന്റെ ഭാഗമായി സാമ്പത്തികം, ഊർജ്ജം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിളിലെ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കുന്നതിനെക്കുറിച്ച് ഇരുകൂട്ടരും ചർച്ചകൾ നടത്തി. സുസ്ഥിരതയിലൂന്നിയുള്ള വികസനനയങ്ങളിൽ കൂടുതൽ ശക്തമായ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് ഇരുവരും തീരുമാനിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ നിലനിൽക്കുന്ന വിവിധ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. സമാദാനം, സഹവർത്തിത്വം, സഹകരണം, സുസ്ഥിരത തുടങ്ങിയ മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് അന്താരാഷ്ട്ര തലത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളെ ചർച്ചകളിലൂടെ പരിഹരിക്കുന്നതിന്റെ പ്രാധാന്യം ഇരുവരും എടുത്ത് കാട്ടി.
പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുക്കുന്നുണ്ട്.