COP28 കാലാവസ്ഥാ ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ അവലോകനം ചെയ്തു

UAE

ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ അവലോകനം ചെയ്തു. COP28-നുള്ള തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഉന്നത സമിതി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരെ ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചത്.

“ഈ വർഷം നടക്കാനിരിക്കുന്ന COP28 കാലാവസ്ഥാ ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ സംബന്ധിച്ച വിവരങ്ങൾ എന്നെയും, എന്റെ സഹോദരൻ മുഹമ്മദ് ബിൻ റാഷിദിനെയും ധരിപ്പിച്ചു. യു എ ഇയിലുടനീളമുള്ള വ്യക്തികളെയും, സ്ഥാപനങ്ങളെയും രാജ്യത്തിൻറെ സാമൂഹിക, സാമ്പത്തിക മേഖലയുടെ സുസ്ഥിരവികസനത്തിൽ പങ്കാളികളാകാൻ ഞാൻ സ്വാഗതം ചെയ്യുന്നു”, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

രൂപപ്പെട്ട കാലം മുതൽ മാറ്റത്തിന്റെ പാതയിലൂടെയാണ് യു എ ഇ സഞ്ചരിച്ചിട്ടുള്ളതെന്നും, ഇന്നത്തെയും, ഭാവിയിലെയും തലമുറകൾക്കായി സാമ്പത്തിക, സാമൂഹിക വളർച്ച ഉറപ്പാക്കുന്നതിനുള്ള യു എ ഇയുടെ നയത്തിന്റെ അവിഭാജ്യമായ ഘടകങ്ങളാണ് സുസ്ഥിരതയിലൂന്നിയുള്ള വികസനം, കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. COP28 കാലാവസ്ഥാ ഉച്ചകോടിയിൽ രാജ്യത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സർക്കാർ, സ്വകാര്യ, അധ്യയന, സാമൂഹിക മേഖലകളിലെ വിവിധ പ്രതിനിധികളെ ഇതിൽ ഉൾപ്പെടുത്താൻ ഉന്നത സമിതിയ്ക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.

“198 രാജ്യങ്ങളിൽ നിന്നുള്ള എഴുപത്തിനായിരത്തിലധിവും പ്രതിനിധികൾ COP28 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ്. നമ്മുടെ ഭൂമിയുടെ സംരക്ഷണത്തിനായി എങ്ങിനെ കൈകോർക്കാമെന്നതിന്റെ വിവിധ വശങ്ങൾ ലോകത്തെ എല്ലാ രാജ്യങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് യു എ ഇയിൽ വെച്ച് നടക്കുന്ന ഈ ഉച്ചകോടിയിൽ അവലോകനം ചെയ്യുന്നതിനായി ഞങ്ങൾ കാത്തിരിക്കുന്നു.”, H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

COP28-നുള്ള തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഉന്നത സമിതിയുടെ ചെയർമാൻ യു എ ഇ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ വ്യവസായ മന്ത്രി ഡോ. സുൽത്താൻ അഹ്‌മദ്‌ അൽ ജാബിർ തുടങ്ങിയവർ ഈ കൂടികാഴ്ചയിൽ പങ്കെടുത്തു.

2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ വെച്ചാണ് COP28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്.