അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രിയെ യു എ ഇ പ്രസിഡണ്ട് സ്വാഗതം ചെയ്തു

GCC News

വേൾഡ് ഗവണ്മെന്റ് സമ്മിറ്റ് 2024-ൽ പങ്കെടുക്കുന്നതിനായി അബുദാബിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ സ്വാഗതം ചെയ്തു. 2024 ഫെബ്രുവരി 13-നാണ് നരേന്ദ്ര മോദി യു എ ഇയിലെത്തിയത്.

അബുദാബിയിലെത്തിയ ശ്രീ. നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഒരു ഔദ്യോഗിക ചടങ് സംഘടിപ്പിച്ചിരുന്നു. ഇതിൽ ഇന്ത്യയുടേയും, യു എ ഇയുടെയും ദേശീയ ഗാനം ആലപിക്കുകയും, നരേന്ദ്ര മോദിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു.

Source: WAM.

യു എ ഇ വൈസ് പ്രസിഡന്റ് H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ H.H. ഷെയ്ഖ് തഹ്നൗൻ ബിൻ സായിദ് അൽ നഹ്യാൻ, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കർ മറ്റു ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ സന്ദർശനത്തിൽ മോദിയെ അനുഗമിക്കുന്നുണ്ട്.

ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടി 2024-ലെ വിശിഷ്ടാതിഥിയായി ഇന്ത്യ പങ്കെടുക്കുന്നുണ്ട്. ഇന്ത്യക്ക് പുറമെ തുർക്കി, ഖത്തർ എന്നിവരും വിശിഷ്ടാതിഥികളായി ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.