യു എ ഇ: തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയുടെ ചട്ടങ്ങൾ പാലിക്കാത്ത തൊഴിലാളികൾക്ക് പിഴ ചുമത്തും

UAE

തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാത്ത തൊഴിലാളികളിൽ നിന്ന് പിഴ ചുമത്തുമെന്ന് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന ശേഷം വരിസംഖ്യ കൃത്യമായി അടയ്ക്കുന്നതിൽ (അവർ തിരഞ്ഞെടുത്തിട്ടുള്ള തവണവ്യവസ്ഥകൾ പ്രകാരം) വീഴ്ച്ച വരുത്തുന്ന തൊഴിലാളികൾക്കും പിഴ ചുമത്തുന്നതാണ്. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഈ പ്രത്യേക തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി 2023 ഒക്ടോബർ 1-ന് അവസാനിച്ചിരുന്നു.

ഈ പദ്ധതി 2023 ജനുവരി 1 മുതലാണ് യു എ ഇ നടപ്പിലാക്കിയത്. ഏതാണ്ട് 14 ശതമാനത്തോളം തൊഴിലാളികൾ ഈ പദ്ധതിയിൽ അംഗങ്ങളാകുന്നതിൽ വീഴ്ച്ച വരുത്തിയതായും, ഇത്തരത്തിൽ വീഴ്ച്ച വരുത്തുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്നും MoHRE അറിയിച്ചിട്ടുണ്ട്.

ഇൻഷുറൻസ് വരിസംഖ്യ കൃത്യമായി അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 200 ദിർഹം പിഴ ചുമത്തുന്നതാണ്. തൊഴിലാളികൾക്ക് പിഴ അടയ്ക്കുന്നതിനായി MoHRE സ്മാർട്ട് ആപ്പ് ഉപയോഗിക്കാവുന്നതാണ്. MoHRE വെബ്സൈറ്റ്, അംഗീകൃത ബിസിനസ് സർവീസ് കേന്ദ്രങ്ങൾ എന്നിവ വഴിയും ഈ പിഴ അടയ്ക്കാവുന്നതാണ്.

പുതിയ വർക്ക് പെർമിറ്റുകൾ നിഷേധിക്കുന്നതുൾപ്പെടെ നിയമം പാലിക്കാത്ത വ്യക്തികൾക്കെതിരെ സ്വീകരിക്കുന്ന നടപടികൾ ഒഴിവാക്കുന്നതിന് തൊഴിലാളികളോട് അവരുടെ കുടിശ്ശിക പിഴ ഉടൻ അടയ്ക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. ഇതിൽ വീഴ്ച്ച വരുത്തുന്ന ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നോ സർവീസ് അവസാനിക്കുന്ന ആനുകൂല്യങ്ങളിൽ നിന്നോ കുടിശ്ശിക പിഴ തുക പിന്നീട് കുറയ്ക്കുന്നതാണ്.

സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പൗരന്മാരും താമസക്കാരും ഉൾപ്പെടെ 6.7 ദശലക്ഷത്തിലധികം തൊഴിലാളികൾ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം വെളിപ്പെടുത്തി.

യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് മുഴുവൻ ജീവനക്കാർക്കും – പൗരന്മാരും, പ്രവാസികളും ഉൾപ്പടെ – ഈ ഇൻഷുറൻസ് നിർബന്ധമാണ്. യു എ ഇയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന നിക്ഷേപകർ, ഗാർഹിക ജീവനക്കാർ, താത്കാലിക തൊഴിൽ കരാറുകളിൽ തൊഴിലെടുക്കുന്നവർ, പതിനെട്ട് വയസിന് താഴെ പ്രായമുളളവർ, പുതിയ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ള പെൻഷനുള്ള റിട്ടയർ ചെയ്ത ജീവനക്കാർ എന്നീ വിഭാഗങ്ങളെ ഈ ഇൻഷുറൻസിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കണക്കിലെടുത്താണ് ഈ പദ്ധതിയിൽ പങ്ക് ചേരുന്നതിനുള്ള ഫീസ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ ലഭിച്ചിരുന്ന അടിസ്ഥാന വേതനത്തിന്റെ അറുപത് ശതമാനമാണ് പരമാവധി ഇൻഷുറൻസ് ഇനത്തിൽ ലഭിക്കുന്നത്.

16000 ദിർഹത്തിൽ താഴെ അടിസ്ഥാന വേതനമുള്ളവർ പ്രതിമാസം 5 ദിർഹമാണ് (പ്രതിവർഷം 60 ദിർഹം) ഈ തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം ഇനത്തിൽ അടയ്‌ക്കേണ്ടത്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രതിമാസം പരമാവധി 10000 ദിർഹം വരെ സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്.

16000 ദിർഹത്തിൽ കൂടുതൽ അടിസ്ഥാന വേതനമുള്ളവർക്ക് പ്രതിമാസം 10 ദിർഹമാണ് (പ്രതിവർഷം 120 ദിർഹം) ഫീസ്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രതിമാസം പരമാവധി 20000 ദിർഹം വരെ സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്.

തുടർച്ചയായി പന്ത്രണ്ട് മാസമെങ്കിലും ഇൻഷുറൻസ് പ്രീമിയം അടച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ തുക ലഭിക്കുന്നതിന് അർഹത. ഇതിനിടയിൽ മറ്റൊരു ജോലിയിലേക്ക് മാറുന്നവർക്കും, യു എ ഇയിൽ നിന്ന് ജോലി ഉപേക്ഷിച്ച് മടങ്ങുന്നവർക്കും ഈ സഹായത്തിന് അർഹതയുണ്ടായിരിക്കില്ല. അച്ചടക്ക സംബന്ധമായ കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കും, ജോലി സ്വയം രാജിവെക്കുന്നവർക്കും ഒഴികെയുള്ളവർക്ക് ഈ പദ്ധതിയുടെ കീഴിൽ പരമാവധി മൂന്ന് മാസം വരെ സാമ്പത്തിക സഹായം ലഭ്യമാകുന്നതാണ്.