യു എ ഇ: ഫെബ്രുവരി 12 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2024 ഫെബ്രുവരി 12, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഫെബ്രുവരി 10-ന് രാത്രിയാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2024 ഫെബ്രുവരി 10, ശനിയാഴ്ച രാത്രി മുതൽ 2024 ഫെബ്രുവരി 13, ചൊവ്വാഴ്ച 12:00am വരെ ഒട്ടുമിക്ക എമിറേറ്റുകളിലും ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ശക്തമായ കാറ്റ് അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും കരണമാകാമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ, അജ്‌മാൻ, റാസ് അൽ ഖൈമ, ഉം അൽ കുവൈൻ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിൽ പരക്കെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്.

ഫെബ്രുവരി 12, 13 തീയതികളിൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.