കൊറോണാ വൈറസിനെതിരെ സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, യു എ ഇയുടെ ഔദ്യോഗിക COVID-19 ട്രാക്കിങ്ങ് ആപ്പ് ആയ ‘അൽഹൊസൻ’ ഉപയോഗിക്കാൻ പൊതുജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. പൊതുജനങ്ങൾക്കിടയിൽ ഈ സ്മാർട്ഫോൺ ആപ്പിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിലൂടെ രാജ്യത്തെ COVID-19 വ്യാപനത്തിന് തടയിടുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
നാഷണൽ അതോറിറ്റി ഫോർ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റിന്റെ അംഗീകാരത്തോടെ (NCEMA) യു എ ഇയിലെ ആരോഗ്യ മന്ത്രാലയവും മറ്റു അനുബന്ധ ആരോഗ്യ വകുപ്പുകളും ചേർന്നാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. COVID-19 കോൺടാക്ട് ട്രേസിങ് എളുപ്പമാക്കുന്നതിനും, COVID-19 ടെസ്റ്റ് റിസൾട്ടുകൾ ലഭിക്കുന്നതിനും നിലവിൽ അൽഹൊസൻ ആപ്പ് സഹായകമാണ്. ക്വാറന്റീനിൽ കഴിയുന്നവരുടെ നിരീക്ഷണത്തിനുള്ള സംവിധാനങ്ങൾ ആപ്പിൽ തയ്യാറാക്കി വരികയാണ്.
COVID-19 വ്യാപനം തടയുന്നതിനുള്ള മികച്ച പ്രതിരോധമാർഗമെന്നാണ് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹോസാനി ഈ സ്മാർട്ഫോൺ ആപ്ലിക്കേഷനെ വിശേഷിപ്പിച്ചത്. ഫോണുകളിൽ അൽഹൊസൻ ഉപയോഗിക്കുന്നവർക്ക്, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെടുന്ന പക്ഷം ആ വിവരം എത്രയും പെട്ടന്ന് കണ്ടെത്താനും, രോഗം കൂടുതൽ പകരുന്നത് തടയുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനും സാധിക്കും. കൂടുതൽ പേർ ഈ സംവിധാനം ഉപയോഗിക്കാൻ ആരംഭിക്കുമ്പോൾ കൂടുതൽ ഫലപ്രദമായതും, രാജ്യവ്യാപകമായതുമായ COVID-19 ട്രേസിങ്ങ് സാധ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. COVID-19 ബാധിതരുടെ സമ്പർക്കങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ഈ സംവിധാനം ഭാവിയിലെ മഹാമാരികൾക്കെതിരെയും ഉപയോഗപ്രദമാണെന്ന് ഡോ. ഫരീദ അൽ ഹോസാനി കൂട്ടിച്ചേർത്തു.
നിലവിൽ ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിൽ ഈ COVID-19 ട്രാക്കിങ് ആപ്പ് ഉപയോഗിക്കാവുന്നതാണ്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ഈ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്.
Photo: Abu Dhabi Media Office