വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുവൈറ്റിലെത്തിയ ശേഷം ഒരാഴ്ച്ചത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ വകുപ്പുകളിലെ സ്രോതസുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ ക്വാറന്റീനിൽ തുടരുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി, മാതാപിതാക്കളിൽ ഒരാൾക്ക് ഇവരോടൊപ്പം താമസിക്കുന്നതിന് അനുമതി നൽകുമെന്നും സ്രോതസുകൾ സൂചിപ്പിച്ചിട്ടുണ്ട്. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നൂറു ശതമാനം ശേഷിയിലേക്ക് ഉയർത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് കുവൈറ്റ് സർക്കാർ ആലോചിച്ച് വരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
നിലവിൽ രാജ്യത്തെ പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലൂടെയാണ് കുവൈറ്റ് കടന്ന്പോകുന്നത്.