ആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർത്തലാക്കാനുള്ള ഏതാനം യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം താത്‌കാലിക നടപടി മാത്രമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്.
മാർച്ച് 12-നാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏതാനം യൂറോപ്യൻ രാജ്യങ്ങളുടെ ഈ നടപടി വാക്സിനിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനുകൾ സംബന്ധിച്ച് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഇത്തരം താത്കാലിക, മുൻകരുതൽ തീരുമാനങ്ങൾ സാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്ന് ഡെൻമാർക്ക്, നോർവേ, ഐസ്ലാൻഡ് മുതലായ രാജ്യങ്ങൾ ഈ വാക്സിൻ കുത്തിവെപ്പുകൾ താത്‌കാലികമായി നിർത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച വ്യക്തത തങ്ങളുടെ പൊതുസമൂഹത്തിന് നൽകിയത്.
ആസ്ട്രസെനേക COVID-19 വാക്സിൻ സുരക്ഷിതമാണെന്നും, ഈ വാക്സിൻ കുത്തിവെപ്പുകളെ തുടർന്നാണ് രക്തം കട്ടപിടിക്കുന്ന സ്ഥിതി ഉടലെടുത്തതെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകൾ നിലവിൽ ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന (WHO) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.