ജോൺസൻ & ജോൺസൺ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി WHO

featured International News

ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. മാർച്ച് 12, വെള്ളിയാഴ്ച്ചയാണ് WHO ഇക്കാര്യം വ്യക്തമാക്കിയത്.

“COVID-19-നെതിരായി കണ്ടെത്തുന്ന ഓരോ പുതിയതും, സുരക്ഷിതവും, ഫലപ്രദവുമായുള്ള ആയുധങ്ങളും ഈ മഹാമാരിയെ പൂർണ്ണമായും പിടിച്ച്‌ കെട്ടുന്നതിലേക്ക് നമ്മളെ നയിക്കുന്ന ചുവടുകളാണ്.”, WHO ഡയറക്ടർ ഡോ. ടെഡ്രോസ് അധനോം ഗബ്രിയായ്സസ് (Tedros Adhanom Ghebreyesus) അഭിപ്രായപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ COVID-19 വാക്സിനാണിത്. നേരത്തെ ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ, ആസ്ട്രസെനേക COVID-19 വാക്സിൻ എന്നിവയ്ക്കും WHO അംഗീകാരം നൽകിയിരുന്നു. ഇതോടെ ഈ വാക്സിനുകൾക്കൊപ്പം ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിനും ആഗോളതലത്തിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതാണ്.

ജോൺസൻ & ജോൺസനു കീഴിലുള്ള ജാൻസൻ വാക്‌സിൻസാണ് ഈ കൊറോണ വൈറസ് വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. ഒറ്റ ഡോസ് കുത്തിവെപ്പ് എന്ന രീതിയിലാണ് ഈ വാക്സിൻ നൽകുന്നത്. ഈ വാക്സിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി (EMA) മാർച്ച് 11-ന് ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു. WHO ഔദ്യോഗിക അംഗീകാരം നൽകുന്ന ഒറ്റ ഡോസ് കുത്തിവെപ്പ് രീതിയിലുള്ള ആദ്യ വാക്സിനാണിത്.

ആസ്ട്രസെനേക COVID-19 വാക്സിൻ സുരക്ഷിതമെന്ന് WHO

അതേസമയം, ആസ്ട്രസെനേക COVID-19 വാക്സിൻ സുരക്ഷിതമാണെന്ന് WHO ആവർത്തിച്ചു. ആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്ന് ഏതാനം രാജ്യങ്ങൾ ഈ വാക്സിൻ കുത്തിവെപ്പുകൾ താത്‌കാലികമായി നിർത്തിവെച്ച സാഹചര്യത്തിലാണ് WHO ഈ വിഷയത്തിൽ വ്യക്തത നൽകിയത്.

ഈ വാക്സിൻ ഉപയോഗം നിർത്തലാക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് WHO വ്യക്തമാക്കി. ഈ വാക്സിൻ കുത്തിവെപ്പുകളെ തുടർന്നാണ് രക്തം കട്ടപിടിക്കുന്ന സ്ഥിതി ഉടലെടുത്തതെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകൾ നിലവിൽ ലഭിച്ചിട്ടില്ലെന്നും WHO കൂട്ടിച്ചേർത്തു. നിലവിൽ ആഗോളതലത്തിൽ ഉപയോഗിക്കുന്ന വാക്സിനുകളിലൊന്നും ഗുരുതര പാർശ്വഫലങ്ങൾ പ്രകടമല്ലെന്ന് WHO വ്യക്തമാക്കി. കുത്തിവെപ്പ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതായുള്ള ഒറ്റപ്പെട്ട റിപ്പോർട്ടുകളെ തുടർന്ന് ഡെൻമാർക്ക്‌, നോർവേ, ഐസ്ലാൻഡ് മുതലായ രാജ്യങ്ങൾ ഈ വാക്സിൻ കുത്തിവെപ്പുകൾ താത്‌കാലികമായി നിർത്തിവെച്ചിരുന്നു.

ജനീവയിൽ നടന്ന പത്രസമ്മേളനത്തിൽ WHO വക്താവ് മാർഗരറ്റ് ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യങ്ങളിൽ ആസ്ട്രസെനേക COVID-19 വാക്സിൻ ഉപയോഗം തുടരണമെന്നും അവർ കൂട്ടിച്ചേർത്തു. ഈ വാക്നിന്റെ സുരക്ഷ സംബന്ധിച്ച് പഠനങ്ങൾ തുടരണമെന്നും അവർ വ്യക്തമാക്കി. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഡോസ് കുത്തിവെപ്പുകൾക്ക് ശേഷവും വാക്സിൻ കുത്തിവെപ്പ് മരണകാരണമായെന്ന് തെളിയിക്കുന്ന ഒരു കേസ് പോലും നിലവിലില്ലെന്നും WHO ചൂണ്ടിക്കാട്ടി.

Cover Photo: WAM