വാട്സ്ആപ്പിലൂടെ COVID-19 ആരോഗ്യ നിർദ്ദേശങ്ങൾ അറിയുന്നതിനുള്ള സംവിധാനവുമായി ലോകാരോഗ്യ സംഘടന

Family & Lifestyle International News

കൊറോണാ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും, ആരോഗ്യ നിർദ്ദേശങ്ങൾക്കും, സംശയ നിവാരണങ്ങൾക്കുമായി വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സംവിധാനങ്ങളൊരുക്കി ലോകാരോഗ്യ സംഘടന (WHO). മാർച്ച് 20-നു ജനീവയിൽ നടന്ന പത്ര സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ WHO ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധനോം ഗബ്രിയായ്സസ് പങ്കുവെച്ചത്. ലോകാരോഗ്യ സംഘടന വാട്സ്ആപ്പും ഫേസ്ബുക്കുമായി ചേർന്നാണ് ആഗോളതലത്തിൽ ഈ സേവനം ഒരുക്കുന്നത്.

https://twitter.com/WHO/status/1241262991997370369

നിലവിൽ ഇംഗ്ലീഷിൽ മാത്രം ലഭ്യമാക്കുന്ന ഈ സേവനം പൊതുജനങ്ങൾക്ക് COVID-19 രോഗത്തെക്കുറിച്ചുള്ള വിശ്വാസയോഗ്യമായ വിവരങ്ങൾ അറിയുന്നതിന് സഹായകമാകും. 0041798931892 എന്ന നമ്പറിലേക്ക് ‘hi’ എന്ന സന്ദേശം അയച്ചു കൊണ്ട് വാട്സ്ആപ്പിലൂടെ ഈ സേവനം ലഭ്യമാക്കാം. കൊറോണാ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകൾ, വിവരങ്ങൾ, രോഗ ലക്ഷണങ്ങൾ, ആരോഗ്യ സുരക്ഷയ്ക്കായി കൈകൊള്ളാവുന്ന നിർദ്ദേശങ്ങൾ എന്നിവയെല്ലാം ഈ സേവനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാനുള്ള WHO നിർദ്ദേശങ്ങൾ

ആഗോളതലത്തിലെ യാത്രാ വിലക്കുകളും, പൊതു സംവിധാനങ്ങളിൽ താത്കാലികമായ അടച്ചിടലുകളും തുടരുന്ന ഈ കാലയളവിൽ വ്യക്തികളുടെയും സമൂഹത്തിന്റെയും ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാനുള്ള ചില നിർദ്ദേശങ്ങളും ഈ പത്ര സമ്മേളനത്തിലൂടെ ഡോ. അധനോം മുന്നോട്ട് വെച്ചു.

  • രോഗപ്രതിരോധ ശക്തി കൂട്ടുന്നതിനായി ആരോഗ്യപരമായതും പോഷകഗുണമുള്ളതുമായ ഭക്ഷണ ശീലങ്ങൾ പിൻതുടരുക.
  • മദ്യം, മധുരമേറിയ പാനീയങ്ങൾ എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക.
  • സിഗരറ്റ്, പുകയില എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. സിഗരറ്റ് ഉപയോഗിക്കുന്നവരിൽ കൊറോണാ വൈറസ് ബാധയുമായി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ വഷളാവാനുള്ള സാധ്യത നിലനിൽക്കുന്നു.
  • ദിവസവും വ്യായാമം ഒഴിവാക്കാതെ ചെയ്യുക. കുട്ടികൾക്ക് ചുരുങ്ങിയത് ഒരു മണിക്കൂറും മുതിർന്നവർ അര മണിക്കൂറെങ്കിലും വ്യായാമം നിർബന്ധമായും ചെയ്യുക.
  • മാനസിക ആരോഗ്യം ഉറപ്പിക്കാനായി, മാനസിക പിരിമുറുക്കങ്ങളെ കഴിയുന്നതും ഒഴുവാക്കുക. ഇത്തരം ഒരു രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ മാനസിക വ്യഥകൾ ഉണ്ടാകുന്നത് സാധാരണമായതിനാൽ പിരിമുറുക്കം കുറക്കുന്നതിനായി നിങ്ങൾക്ക് ഏറ്റവും വേണ്ടപെട്ടവരുമായി സംഭാഷണങ്ങളിൽ ഏർപ്പെടുക.
  • നിങ്ങളുടെ രാജ്യത്തെ കൊറോണാ പ്രതിരോധമാർഗ്ഗങ്ങൾ അനുവദിക്കുമെങ്കിൽ മറ്റുള്ളവരിൽ നിന്ന് അകാല പാലിച്ച് കൊണ്ട് പുറത്തു അൽപനേരം നടക്കുകയോ, സൈക്കിൾ ഉപയോഗിക്കുകയോ, ഓടുകയോ ചെയ്യുക. വീടിനു പുറത്തിറങ്ങാൻ അനുമതി ഇല്ലാത്തിടങ്ങളിൽ വ്യായാമ വീഡിയോകൾക്കൊപ്പം വ്യായാമത്തിലേർപ്പെടുകയോ, സംഗീതത്തിനൊത്ത് നൃത്തം ചെയ്യുകയോ, യോഗയിൽ ഏർപ്പെടുകയോ, കോണിപ്പടികളിലൂടെ മേലേക്കും താഴേക്കും നടക്കുകയോ ചെയ്യുക.
  • വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവർ നിർബന്ധമായും ഒരേ രീതിയിൽ തുടർച്ചയായി ഇരിക്കുന്നത് ഒഴിവാക്കുക. ഓരോ അരമണിക്കൂറിലും 3 മിനിറ്റ് നേരം എഴുനേറ്റ് അല്പം നടക്കുക.
  • സഹാനുഭൂതി ഈ ഘട്ടത്തിൽ വലിയ ഒരു പ്രതിരോധ മരുന്നാണ്. നിങ്ങളുടെ സമൂഹത്തിലെ മറ്റുള്ളവരുടെ ആരോഗ്യ സുരക്ഷയ്ക്കായുള്ള പ്രവർത്തനങ്ങളിൽ അണിചേരുക. നിങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ എന്നിവരുമായി ഫോണിലൂടെ ബന്ധം പുലർത്തുക. അവരുടെ സുഖവിവരം അന്വേഷിക്കുക.
  • മനസിന്റെ ഭാരം കുറയ്ക്കുന്നതിനായി പുസ്‌തകങ്ങൾ വായിക്കുകയോ, പാട്ടുകൾ കേൾക്കുകയോ ചെയ്യാം. കൊറോണാ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടർച്ചയായി വായിക്കുന്നത് ഒഴിവാക്കി ദിവസത്തിൽ ഒന്നോ രണ്ടോ തവണ വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽ നിന്ന് മാത്രം കണ്ടെത്തി വായിക്കുക.