കൊറോണാ വൈറസ് ബാധയെ (Covid-19) തുടർന്ന് ഒരു രോഗിയെ ഐസൊലേഷൻ വിഭാഗത്തിൽ സൂക്ഷ്മ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി വെള്ളിയാഴ്ച്ച ഈജിപ്തിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ ഈജിപ്തിലേക്ക് പുറത്ത് നിന്ന് വന്ന ഒരാളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ആഫ്രിക്കൻ വന്‍കരയിൽ നിന്ന് ഇതാദ്യമായാണ് Covid-19 സ്ഥിരീകരിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ യു എ ഇയ്ക്ക് പുറത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കൊറോണാ വൈറസ് ബാധ കൂടിയാണ് ഈജിപ്തിലേത്. സൂക്ഷമനിരീക്ഷണത്തിലുള്ള ഈ രോഗിയുടെ മറ്റു വിവരങ്ങളൊന്നും അധികൃതർ പുറത്തു വിട്ടിട്ടില്ല. രോഗിയ്ക്ക് ആവശ്യമായ എല്ലാ പരിചരണങ്ങളും നൽകുന്നതായും, രോഗം പടരുന്നത് തടയുവാൻ വേണ്ട എല്ലാ നടപടികളും കൈകൊണ്ടതായും, ലോകാരോഗ്യ സംഘടനയെ സ്ഥിതിഗതികൾ ബോധിപ്പിച്ചതായും ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ചൈനയുമായി അടുത്ത വ്യാപാര ബന്ധങ്ങൾ പുലർത്തുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ Covid-19 ബാധയ്ക്കുള്ള സാധ്യതകളെ കുറിച്ച് കഴിഞ്ഞ ഏതാനം ദിവസങ്ങളായി ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ധരും ആശങ്കകൾ പങ്കു വെച്ചിരുന്നു. ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ Covid-19 പോലെയുള്ള ഒരു സാംക്രമിക രോഗം പടരാനുള്ള സാധ്യതകളെപ്പറ്റിയുള്ള ഉത്കണ്ഠ ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധനോം ഗബ്രിയായ്സസ് (Tedros Adhanom Ghebreyesus), ഈ രോഗത്തിനെ ലോകവ്യാപകമായ ഒരു ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്ന വേളയിൽ രേഖപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ഈജിപ്തിൽ നിന്നുള്ള രോഗ സ്ഥിരീകരത്തിന്റെ റിപ്പോർട്ടുകൾ വരുന്നത്.