സംസ്ഥാനത്ത് ശനിയാഴ്ച പുതുതായി ആർക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ ജാഗ്രതയും നിയന്ത്രണങ്ങളും തുടരണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്താകെ ആകെ 7677 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രിയിലുമാണുള്ളത്. ശനിയാഴ്ച പുതുതായി 106 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 1876 രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ഫലം ലഭിച്ച 1345 എണ്ണം നെഗറ്റീവാണ്.
സംസ്ഥാനത്ത് ഏർപ്പെടുത്തിയ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഫലപ്രദമാണ്. ലോകത്താകെ കോവിഡ് 19 ഭീഷണി തുടരുന്ന സാഹചര്യത്തിൽ ജാഗ്രത കൂടേണ്ടതുണ്ട്. എല്ലാ ജില്ലകളിലും മന്ത്രിമാരുൾപ്പെടെ പങ്കെടുത്ത അവലോകന യോഗങ്ങൾ നടന്നു. ഫലപ്രദമായ യോഗങ്ങളുടെ തുടർനടപടിയായി ബ്ളോക്ക്, പഞ്ചായത്ത്തലത്തിൽ യോഗങ്ങൾ നടക്കും.
രോഗം പടരാതിരിക്കാൻ എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം എന്നുള്ളതിൽ കുട്ടികൾ മുതൽ വയോജനങ്ങൾ വരെ ബോധവാൻമാരാകണം. ആരോഗ്യപ്രവർത്തകർ, പ്രദേശങ്ങളിലെ സന്നദ്ധപ്രവർത്തകർ, ഒപ്പം പോലീസ് സാന്നിധ്യം എന്നിങ്ങനെ ടീമായി നിരീക്ഷണത്തിലുള്ള വീടുകളിൽ എത്തി കാര്യങ്ങൾ ബോധ്യപ്പെടുത്താനാകണം.
പുതുതായി ആവശ്യമായി വരുന്ന സന്നദ്ധപ്രവർത്തകർക്ക് അടിയന്തരമായി പരിശീലനം നൽകും. ആരോഗ്യവകുപ്പ് തന്നെ പ്രദേശികമായി അതിനുള്ള നടപടിയെടുക്കും.
നിരീക്ഷണത്തിലുള്ളവരുടെ വീടുകളുമായി എല്ലാ ദിവസവും ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തണം. എന്നാൽ ചിലർ ഗൗരവം മനസിലാകാതെ പെരുമാറുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് വീട് സന്ദർശിക്കുന്നവർ നിർബന്ധമായി ബോധ്യപ്പെടുത്തണം. വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങളിൽ പ്രശ്നങ്ങളുണ്ടോയെന്നും അന്വേഷിച്ച് പരിഹരിക്കണം.
സംസ്ഥാനത്തേക്ക് ജനങ്ങൾ എത്തുന്ന എല്ലാ ഗതാഗതമാർഗങ്ങളിലും പരിശോധനാസൗകര്യം കൂടുതൽ ശക്തമാക്കും. വിമാനത്താവളങ്ങളിൽ ഒന്നിച്ച് പരിശോധനയ്ക്കുള്ള തിരക്ക് ഒഴിവാക്കാൻ വോളണ്ടിയർമാരുടെ എണ്ണം കൂട്ടും. ഒപ്പം ക്യൂ സിസ്റ്റം, കൃത്യമായ അകലം പാലിക്കൽ തുടങ്ങിയ ക്രമീകരണങ്ങളും ഏർപ്പെടുത്തും. ഓരോ വിമാനത്താവളത്തിലും ഒരു എസ്.പിയുടെ നേതൃത്വത്തിൽ വിവിധ ടീമുകളായി ആവശ്യമായ പോലീസ് സംഘവും സഹായങ്ങൾക്ക് ഉണ്ടാകും. ആവശ്യമായ ആരോഗ്യപ്രവർത്തകരെയും ഒരുക്കും.
ട്രെയിനുകൾ സംസ്ഥാന അതിർത്തി കടന്നാലുടൻ ആദ്യം നിർത്തുന്ന സ്ഥലത്ത് അതിലുള്ള എല്ലാവരെയും പരിശോധിക്കാൻ സംവിധാനമൊരുക്കും. അതിനായി മൂന്നുപേർ വീതമുള്ള ടീമുകൾ സജ്ജീകരിക്കും. ഒരു ടീം രണ്ടു ബോഗിയിലുള്ളവരെ വീതം പരിശോധിക്കും. ആരോഗ്യപ്രവർത്തകൻ, പോലീസ്, പ്രാദേശിക വോളണ്ടിയർ എന്നിവരാകും ടീമിലുണ്ടാകുക. റെയിൽവേ ഇക്കാര്യത്തിൽ യാത്രക്കാർക്ക് കേരളത്തിലെത്തുമ്പോൾ മെസേജ് കൊടുക്കാൻ സംവിധാനം ഏർപ്പെടുത്തും. റെയിൽവേ സ്റ്റേഷനിലും കഴിയുന്നത്ര ട്രെയിനുകളിലും അനൗൺസ്മെൻറ് സൗകര്യവും ഉണ്ടാകും.
റോഡ് വഴി സംസ്ഥാനത്തേക്ക് കടക്കുന്ന 24 അതിർത്തി പോയിൻറുകളിൽ പരിശോധനാ സൗകര്യമൊരുക്കും. ഒരു ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ എല്ലാ ആളുകളെയും പരിശോധിക്കും. ആരോഗ്യപ്രവർത്തകരും പ്രാദേശിക വോളണ്ടിയർമാരും ഉണ്ടാകും. ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണം. ആരെയും ബുദ്ധിമുട്ടിക്കാനല്ല, നാടിന്റെ സുരക്ഷയ്ക്ക് ഇതാവശ്യമാണെന്ന് മനസിലാക്കണം.
വിമാനത്താവളങ്ങളിൽ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവരിൽ കൂടുതൽ നിരീക്ഷണം ആവശ്യമായവരെ പാർപ്പിക്കാൻ അതിനടുത്തായി കൊറോണ കെയർ സെൻററുകൾ ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നാല് വിമാനത്താവളങ്ങൾക്ക് സമീപവും സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവരിൽ മറ്റ് താമസസൗകര്യങ്ങളില്ലാത്തവർക്കായി ഈ സംവിധാനം ഒരുക്കും.
സ്വകാര്യ ആശുപത്രികളും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ച് നിശ്ചിത എണ്ണം രോഗികളെ കിടത്താൻ സൗകര്യമൊരുക്കണം.
അതിഥി തൊഴിലാളികളുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അവർ താമസിക്കുന്ന ക്യാമ്പുകൾ സന്ദർശിക്കാനും ശുചിത്വം ഉറപ്പാക്കാനും കൃത്യമായ സന്ദേശങ്ങൾ എത്തിക്കാനും നടപടി സ്വീകരിക്കും.
ചിലയിടത്ത് കൂടുതൽ ആളുകൾ പങ്കെടുക്കുന്ന കൂട്ടംചേരലുകൾ നടക്കുന്നത് ഒഴിവാക്കണം. ഇക്കാര്യത്തിൽ ലാഘവത്വം പാടില്ല. പൊതുവിൽ എല്ലാവരും ഇതുമായി സഹകരിക്കുന്നുണ്ട്.
ജനങ്ങൾ കൂട്ടംകൂടുന്ന നിലയിൽ ബീച്ചുകൾ, പാർക്കുകൾ തുടങ്ങിയവയിൽ ആൾക്കൂട്ടം ഒഴിവാക്കണം. ഉത്സവകാര്യങ്ങളിലും നല്ല ശ്രദ്ധവേണം. അതേസമയം, ആരും പുറത്തിറങ്ങരുത് എന്ന സമീപനമില്ല. ഷോപ്പിംഗ് മാളുകൾ അടച്ചിടാനായി നിർദേശമില്ല. എന്നാൽ നല്ല ജാഗ്രത വേണം.
യാത്ര ചെയ്യുന്ന വാഹനങ്ങൾ ശുചിയായിരിക്കണം. കെ.എസ്.ആർ.ടി.സി ബസുകളിൽ ശുചിത്വം ഉറപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്.
വിദേശത്ത് നിന്നെത്തുന്ന വിനോദസഞ്ചാരികൾ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ എത്തിയവരെപ്പോലെ കാണുന്ന നില പാടില്ല. നിരീക്ഷണത്തിലുള്ള ഇത്തരക്കാരുടെ കാര്യങ്ങൾ നമ്മൾ അന്വേഷിക്കുന്ന നിലവേണം. വ്യക്തികളോട് നിഷേധാത്മക സമീപനം പാടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർവകലാശാലകൾ നിശ്ചയിച്ച പരീക്ഷകൾ ആവശ്യമായ മുൻകരുതലുകളും ഏർപ്പെടുത്തി മാറ്റമില്ലാതെ നടത്തും.
ഐ.ടി മേഖലയിലുള്ള സ്ഥാപനങ്ങളും സംഘടനകൾക്കും ഐ.ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഏതെങ്കിലും ജീവനക്കാർ എത്തിയാൽ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരണം. വീട്ടിൽനിന്ന് ജോലി ചെയ്യാൻ ഇവർക്ക് സൗകര്യം ഒരുക്കണം. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാറണം.
കോവിഡ് 19 സംബന്ധിച്ച ആധികാരിക വിവരങ്ങൾ ലഭ്യമാക്കാൻ സർക്കാർ ആരംഭിച്ച ‘ജി.ഒ.കെ ഡയറക്ട്’ എന്ന മൊബൈൽ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനകം രണ്ടുലക്ഷം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. മലയാളത്തിനൊപ്പം ഇംഗ്ളീഷ്, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും പ്രധാന അറിയിപ്പുകൾ നൽകുന്നുണ്ട്.
മാധ്യമങ്ങളും ജനങ്ങളെ കൃത്യമായി ബോധവത്കരിക്കുന്നതിൽ സഹകരിച്ച് പ്രശംസനീയമായ ഇടപെടൽ നടത്തുന്നുണ്ട്. അതേസമയം, രോഗസാധ്യതാ സാഹചര്യങ്ങളിൽ ജാഗ്രതാപൂർണമായ റിപ്പോർട്ടിംഗ് ക്രമീകരണങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സംബന്ധിച്ചു.