ഫെബ്രുവരി 2019 – ൽ നിലവിൽ വന്ന ഗതാഗത ലംഘനങ്ങൾക്കുള്ള പിഴകളിൽ ഇളവുകൾ നൽകുന്ന പദ്ധതി വ്യവസ്ഥകളോടെ ഒരു വർഷത്തേയ്ക്ക് കൂടി നീട്ടി നൽകാനൊരുങ്ങി ദുബായ് പോലീസ്. പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം മികച്ചതാണെങ്കിൽ ഈ പദ്ധതി ഒരു വർഷം കൂടി തുടരാനും, മറ്റു എമിറേറ്റുകളിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിക്കാനും, 2020 ഫെബ്രുവരിയിൽ ചേരുന്ന ഈ പദ്ധതിയുടെ അവലോകനത്തിന് ശേഷം തീരുമാനമായേക്കാം.
ഒരു ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ട ശേഷം ഡ്രൈവറുടെ അടുത്ത ഒരു വർഷത്തെ റോഡിലെ ഡ്രൈവിംഗ് ശൈലി അനുസരിച്ചായിരുന്നു ഈ പിഴ ഇളവുകൾ നൽകിയിരുന്നത്. മൂന്നുമാസം യാതൊരു നിയമലംഘനവും നടത്താത്ത വാഹനങ്ങൾക്ക് പിഴത്തുകയുടെ 25 ശതമാനവും, 6 മാസത്തേക്ക് 50 ശതമാനവും, 9 മാസത്തേക്ക് 75 ശതമാനവും, ഒരു വർഷം മുഴുവൻ ഗതാഗതലംഘനം നടത്താത്ത വാഹനങ്ങൾക്ക് 100 ശതമാനവും ആണ് നിലവിൽ ഈ പദ്ധതിപ്രകാരമുള്ള ഇളവുകൾ.