ഖത്തർ: ടാക്സികളിലെത്തുന്നവർക്കും ലുസൈലിലെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് കുത്തിവെപ്പ് സ്വീകരിക്കാം

featured Qatar

ലുസൈലിലെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് ടാക്സികളിലെത്തുന്നവർക്കും രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വന്തമായി കാറുകൾ ഇല്ലാത്തവർക്ക് ടാക്സി സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഈ ഡ്രൈവ്-ഇൻ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിന് ഈ തീരുമാനം സഹായകമാകുന്നതാണ്.

മാർച്ച് 17-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ ആരോഗ്യ മന്ത്രാലയം മാർച്ച് ആദ്യ വാരം മുതൽ ലുസൈലിൽ ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചത്. ഈ കേന്ദ്രത്തിലെത്തുന്ന സന്ദർശകർക്ക് തങ്ങളുടെ വാഹനങ്ങളിലിരുന്ന് കൊണ്ട് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ സാധിക്കുന്നതാണ്.

വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ, പരിശോധനകൾ, വാക്സിനേഷൻ, വാക്സിൻ എടുത്ത ശേഷമുള്ള നിരീക്ഷണം മുതലായ നടപടികൾ ഈ കേന്ദ്രത്തിൽ നിന്ന് പൂർത്തിയാക്കാവുന്നതാണെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നെങ്കിലും, പിന്നീട് മറ്റു കേന്ദ്രങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്ന സേവനങ്ങൾ മാത്രമാക്കി ഈ കേന്ദ്രത്തിന്റെ പ്രവർത്തനം ചുരുക്കിയിരുന്നു. ലുസൈൽ മൾട്ടിപർപ്പസ് ഹാളിനു പുറകുവശത്തായാണ് ലുസൈലിലെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ആഴ്ച്ചയിൽ എല്ലാ ദിവസവും ഈ കേന്ദ്രം പ്രവർത്തിക്കുന്നതാണ്. ദിനവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.

രണ്ടാം ഡോസ് കുത്തിവെപ്പിന് തീയ്യതി നിശ്ചയിക്കപ്പെട്ടിട്ടുള്ളവർക്ക്, പ്രത്യേക മുൻ‌കൂർ അനുമതികൾ കൂടാതെ തന്നെ, നിശ്ചയിച്ച തീയ്യതിയിൽ ലുസൈലിലെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്താവുന്നതാണ്. ആദ്യം എത്തുന്നവർക്ക് ആദ്യം സേവനം നൽകുന്ന രീതിയിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നതെന്നും, രാത്രി 9 മണി വരെ എത്തുന്നവർക്കാണ് ഓരോ ദിനവും സേവനം നൽകുന്നതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഈ കേന്ദ്രത്തിലെത്തുന്നവർക്ക് തങ്ങളുടെ വാഹനങ്ങളിൽ അല്പനേരം കാത്തിരിക്കേണ്ടിവരാവുന്നതാണ്. സാധാരണയായി രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 1 മണിക്കുമിടയിലാണ് ഈ കേന്ദ്രത്തിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്.

വാഹനങ്ങളിലെത്തുന്നവർക്ക് മാത്രമാണ് ഈ ഡ്രൈവ്-ഇൻ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. എന്നാൽ സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ടാക്സി സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഈ കേന്ദ്രത്തിൽ നിന്നുള്ള വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.