ബഹ്‌റൈൻ: ഏപ്രിൽ 27 മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികരുടെ യാത്രാ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനം

featured GCC News

2021 ഏപ്രിൽ 27 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ യാത്ര മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് നേരിട്ടെത്തുന്ന യാത്രികർക്കും, ഇന്ത്യയിലൂടെ ട്രാൻസിറ്റ് യാത്രികരായി എത്തുന്നവർക്കും ഏപ്രിൽ 27 മുതൽ ഈ പുതിയ മാനദണ്ഡങ്ങൾ ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

https://twitter.com/MOH_Bahrain/status/1385570815874326530

ഏപ്രിൽ 23-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കും ഈ പുതിയ നിബന്ധനകൾ ബാധകമാണ്. ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സാണ് ഈ നിബന്ധനകൾക്ക് രൂപം നൽകിയിരിക്കുന്നത്.

ഏപ്രിൽ 27 മുതൽ ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രികർക്ക് ബാധകമാകുന്ന യാത്രാ നിബന്ധനകൾ:

  • ഏപ്രിൽ 27 മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക്, ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • ഇത്തരം PCR നെഗറ്റീവ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്ന പരിശോധനകൾക്കായി അവയിൽ QR കോഡ് ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.
  • പ്രിന്റ് രൂപത്തിലുള്ള PCR പരിശോധനാ ഫലങ്ങളാണ് യാത്രികർ ഹാജരാക്കേണ്ടത്.

6 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും ഈ നിബന്ധനകൾ ബാധകമാണ്. നിലവിലുള്ള മറ്റു യാത്രാ നിബന്ധനകൾ തുടരുന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും വിമാനത്താവളത്തിൽ വെച്ച് PCR പരിശോധന നടത്തുന്നതാണ്. ഇവർ രാജ്യത്ത് പ്രവേശിച്ച ശേഷം അഞ്ചാമത്തേയും, പത്താമത്തേയും ദിനങ്ങളിൽ ഓരോ PCR പരിശോധനകൾ കൂടി നടത്തേണ്ടതാണ്. ഇവർ ‘BeAware Bahrain’ ആപ്പ് നിർബന്ധമായും ഉപയോഗക്ഷമമാക്കേണ്ടതും, ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിച്ച് കൊള്ളാമെന്ന സ്വയം സാക്ഷ്യപത്രം നൽകേണ്ടതുമാണ്. ഇവർ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നത് വരെ ക്വാറന്റീനിൽ തുടരേണ്ടതാണ്.

ഏപ്രിൽ 27 മുതൽ ബഹ്‌റൈനിലേക്കെത്തുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ യാത്ര മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും അറിയിപ്പ് നൽകിയിട്ടുണ്ട്.