യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി പെർമിറ്റുകൾ, എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകൾ എന്നിവയുടെ കാലാവധി 2022 ജനുവരി 31-ന് ശേഷം പത്ത് ദിവസത്തേക്ക് കൂടി നീട്ടി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സൗദി അധികൃതർ വ്യക്തമാക്കി. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രവാസികൾക്ക് നൽകിയ മറുപടികളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരം രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇഖാമ, റീ-എൻട്രി വിസകൾക്ക് പുറമെ സന്ദർശക വിസകളുടെ കാലാവധിയും 2022 ജനുവരി 31-ന് ശേഷം പത്ത് ദിവസത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ട്. കാലാവധി നീട്ടുന്നതിനുള്ള നടപടികൾ നാഷണൽ ഇൻഫോർമേഷൻ സെന്ററുമായി ചേർന്ന് സ്വയമേവ കൈക്കൊള്ളുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. സൗദിയിൽ നിന്ന് എക്സിറ്റ്, റീ-എൻട്രി വിസകളിൽ തിരികെ മടങ്ങുന്നതിന് മുൻപായി, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് ഈ ഇളവ് ലഭിക്കുന്നതല്ല.