രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നോർത്തേൺ ഗവർണറേറ്റിലും, ക്യാപിറ്റൽ ഗവർണറേറ്റിലും പ്രത്യേക പരിശോധനകൾ നടത്തി. 2022 ഒക്ടോബർ 13-നാണ് LMRA ഇക്കാര്യം അറിയിച്ചത്.
ക്യാപിറ്റൽ ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികൾ ഒത്ത് ചേരുന്ന ഇടങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ LMRA സംഘം പരിശോധനകൾ നടത്തി. നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സുമായി (NPRA) ചേർന്നാണ് LMRA ഈ പരിശോധനകൾ നടത്തിയത്.
ഈ പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും, നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
LMRA, NPRA എന്നിവരുടെ നേതൃത്വത്തിൽ നോർത്തേൺ ഗവർണറേറ്റിലും പ്രത്യേക പരിശോധനകൾ നടത്തിയിട്ടുണ്ട്. ഈ പരിശോധനകളുടെ ഭാഗമായി ഏതാനം പേരെ അറസ്റ്റ് ചെയ്തതായും LMRA അറിയിച്ചിട്ടുണ്ട്. വരും ദിനങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ നടപ്പിലാക്കുമെന്ന് LMRA നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മുഹറഖ് ഗവർണറേറ്റ്, നോർത്തേൺ ഗവർണറേറ്റ്, സൗത്തേൺ ഗവർണറേറ്റ്, ക്യാപിറ്റൽ ഗവർണറേറ്റ് എന്നിവിടങ്ങളിൽ LMRA-യുടെ നേതൃത്വത്തിൽ നേരത്തെ പരിശോധനകൾ നടത്തിയിരുന്നു.