സൗദി: ഖത്തറിൽ നിന്നുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കും

featured GCC News

ഖത്തറിൽ നിന്ന് മുൻകൂട്ടി നേടിയിട്ടുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കി. ഹയ്യ കാർഡ് ഇല്ലാത്ത, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും കര അതിർത്തികളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടാണ് സൗദി അറേബ്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം സൗദിയിൽ നിന്ന് സ്വകാര്യ വാഹനങ്ങളിൽ ഖത്തറിലേക്ക് പ്രവേശിക്കുന്ന ജി സി സി ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്.

  • ഇത്തരം വാഹനങ്ങൾക്ക് ഖത്തറിൽ നിന്ന് മുൻകൂട്ടി നേടിയിട്ടുള്ള എൻട്രി പെർമിറ്റ് നിർബന്ധമാണ്.
  • ഇത്തരം വാഹനങ്ങൾക്ക് ഖത്തറിൽ പ്രവേശിച്ച ശേഷം ഉപയോഗിക്കുന്നതിനുള്ള പാർക്കിംഗ് റിസർവേഷൻ നിർബന്ധമാണ്.
  • ഇത്തരം വാഹനങ്ങളിലെത്തുന്നവർക്ക് ഖത്തറിൽ പ്രവേശിച്ച ശേഷം സൽവ ബോർഡർ ക്രോസ്സിങ്ങിൽ നിന്നുള്ള ബസ് ഷട്ടിൽ സർവീസ് റിസർവേഷൻ നിർബന്ധമാണ്.

ഈ നിബന്ധനകൾ പാലിക്കാത്ത വാഹനങ്ങളെ അതിർത്തി കടക്കാൻ അനുവദിക്കുന്നതല്ല. ഇത്തരം വാഹനങ്ങളെ അതിർത്തിയിൽ നിന്ന് മടക്കി അയക്കുന്നതാണ്.

ഇത്തരം വാഹനങ്ങൾ ഖത്തറിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന സമയത്തിന് 12 മണിക്കൂർ മുൻപെങ്കിലും ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലൂടെ എൻട്രി പെർമിറ്റ് നേടിയിരിക്കണം.

ഹയ്യ കാർഡ് ഇല്ലാത്ത, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും കര അതിർത്തികളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നേരത്ത അറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ കര അതിർത്തികളിലൂടെ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ജി സി സി രാജ്യങ്ങളിൽ നിന്നുള്ള ഇത്തരം സന്ദർശകർക്ക് 2022 ഡിസംബർ 8 മുതൽ ഇതിനുള്ള അനുമതി നൽകിയിട്ടുണ്ട്.