സൗദി: റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ സെപ്റ്റംബർ 28 മുതൽ ആരംഭിക്കും

featured GCC News

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2023 സെപ്റ്റംബർ 28 മുതൽ ആരംഭിക്കും. കിംഗ് സൗദ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ പുസ്തക മേള, മേഖലയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനങ്ങളിലൊന്നാണ്.

സൗദി മിനിസ്ട്രി ഓഫ് കൾച്ചറിന് കീഴിലുള്ള ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസലേഷൻ കമ്മീഷണനാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 28-ന് ആരംഭിക്കുന്ന റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഒക്ടോബർ 7 വരെ നീണ്ട് നിൽക്കും.

‘പ്രചോദനദായകമായ ഒരിടം’ എന്ന പ്രമേയത്തിലൂന്നിയാണ് 2023-ലെ റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ ഒരുക്കുന്നത്. ഏതാണ്ട് 46000 സ്‌ക്വയർ മീറ്ററിലധികം വിസ്തൃതിയിലാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.

എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും ആസ്വദിക്കാവുന്ന സാംസ്‌കാരിക പരിപാടികൾ ഉൾപ്പെടുത്തി ഒരുക്കുന്ന ഈ പുസ്തകമേള സൗദി അറേബ്യയിലെയും, മേഖലയിലെത്തന്നെയും വലിയ പുസ്തകമേളകളിലൊന്നാണ്. ഏതാണ്ട് പത്ത് ലക്ഷത്തിലധികം സന്ദർശകർ ഈ മേളയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Cover Image: File Photo Saudi Press Agency.