ദുബായ്: അസ്ഥിര കാലാവസ്ഥ; സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഫെബ്രുവരി 12-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

UAE

എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് ദുബായിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 2024 ഫെബ്രുവരി 12, തിങ്കളാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു. ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.

2024 ഫെബ്രുവരി 10-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം, ജീവനക്കാർ നേരിട്ടെത്തുന്നത് ഒഴിവാക്കാനാകാത്ത മേഖലകളിൽ ഒഴികെയുള്ള മുഴുവൻ സർക്കാർ ജീവനക്കാർക്കും 2024 ഫെബ്രുവരി 12, തിങ്കളാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2024 ഫെബ്രുവരി 12, തിങ്കളാഴ്ച രാത്രി വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.