രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൗദി അറേബ്യയുടെ ചരിത്രത്തോടുള്ള ആദരവ് മുൻനിർത്തിയും, സൗദി ജനതയുടെ ഹൃദയങ്ങളിൽ സ്ഥാപക ദിനത്തെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്നതിനുമായാണ് ഈ അവധി. അവധിയ്ക്ക് ശേഷം സ്ഥാപനങ്ങളുടെ പ്രവർത്തനം 2024 ഫെബ്രുവരി 25, ഞായറാഴ്ച പുനരാരംഭിക്കുന്നതാണ്.
എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി 2022 ജനുവരി 27-ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. എല്ലാ വർഷവും ഫെബ്രുവരി 22-ന് പൊതു അവധി നൽകുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Cover Image: Diriyah, the first capital of the Saudi State. Source: Saudi Press Agency.