ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ആഗ്രഹം പ്രകടിപ്പിച്ച് അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ്

featured UAE

ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ചേമ്പറിൻ്റെ ആഗ്രഹം അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ സലേം അൽ സുവൈദി പ്രകടിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023ലെ കണക്കുകൾ അനുസരിച്ച് അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സിൽ 9549 ഇന്ത്യൻ അംഗങ്ങളുണ്ടെന്നും എമിറേറ്റിൽ ഇന്ത്യൻ നിക്ഷേപകരുടെയും ബിസിനസുകാരുടെയും എണ്ണം വർധിക്കുന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അൽ സുവൈദിയും ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് ശിവനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സംയുക്ത സാമ്പത്തിക സഹകരണം, നിക്ഷേപ അവസരങ്ങൾ, അജ്മാനും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധങ്ങളുടെ പ്രോത്സാഹനം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സഹകരണ സാധ്യതകൾ ഇരുവരും വിശകലനം ചെയ്തു.