ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്കുള്ള കരാർ അനുവദിച്ചു; 2029-ൽ പ്രവർത്തനക്ഷമമാക്കുമെന്ന് RTA

GCC News

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9-ന് പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഡിസംബർ 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട 20.5 ബില്യൺ ദിർഹം മൂല്യമുള്ള കരാർ മൂന്ന് കമ്പനികൾ ഉൾപ്പെടുന്ന ഒരു കൂട്ടായ്മക്കാണ് നൽകിയിരിക്കുന്നത്. മുപ്പത് കിലോമീറ്റർ ദൈർഘ്യമുള്ള ദുബായ് മെട്രോ ബ്ലൂ ലൈനിൽ 14 മെട്രോ സ്റ്റേഷനുകൾ ഉണ്ടായിരിക്കുന്നതാണ്.

ദുബായിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും മെട്രോ ബ്ലൂ ലൈൻ നിർമ്മിക്കുന്നത്. ഈ പദ്ധതിയുടെ നിർമ്മാണം 2025 ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്നതാണ്.

വിവിധ ഘട്ടങ്ങളിലായാണ് ഈ പദ്ധതി പൂർത്തിയാക്കുന്നതിന് ലക്ഷ്യമിടുന്നത്. തുർക്കിഷ്, ചൈനീസ് കമ്പനികളായ MAPA, LIMAK, CRRC എന്നിവ അടങ്ങിയ ഒരു കൂട്ടുകെട്ടിനാണ് ഈ പദ്ധതിയുടെ കാരാർ അനുവദിച്ചിരിക്കുന്നത്.

Source: Dubai Media Office.

ദുബായ് മെട്രോ ബ്ലൂ ലൈനിലെ മെട്രോ പാത 15.5 കിലോമീറ്റർ ഭൂമിയ്ക്ക് അടിയിലൂടെയും, 14.5 കിലോമീറ്റർ ഉപരിതലത്തിലൂടെയുമായിരിക്കും പൂർത്തിയാക്കുക.

ഗ്രീൻ ലൈനിൽ ക്രീക്ക് സ്റ്റേഷൻ, റെഡ് ലൈനിൽ സെന്റർപോയിന്റ് സ്റ്റേഷൻ തുടങ്ങിയവയാണ് ഈ ലൈനിലെ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകൾ. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മിർദിഫ്, അൽ വർഖ, ഇന്റർനാഷണൽ സിറ്റി 1, ഇന്റർനാഷണൽ സിറ്റി 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാഡമിക് സിറ്റി, റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മിക്കുന്നത്.