ഒമാൻ: വിദേശ മന്ത്രാലയത്തിന്റെ കെട്ടിടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് വിലക്ക്

featured GCC News

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് വിലക്കേർപ്പെടുത്തി. 2025 ജൂൺ 1-നാണ് ഒമാൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിനും, പരിസ്ഥിതിസംബന്ധിയായ സുസ്ഥിരതാ നയങ്ങൾ നടപ്പിലാക്കുന്നതിനുമായാണ് ഈ തീരുമാനം. തങ്ങളുടെ മുഴുവൻ കെട്ടിടങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് വിലക്കേർപ്പെടുത്തിയതായും, ഇവയ്ക്ക് പകരമായി വെള്ളം നിറച്ച് കൊണ്ട് വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളും, ചില്ല് പാത്രങ്ങളും ഉപയോഗിക്കാൻ തീരുമാനിച്ചതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഭാവി ലക്ഷ്യമിട്ടും, മനുഷ്യരുടെ ആരോഗ്യപരിപാലനം ഉറപ്പാക്കുന്ന നിർമ്മലമായ ഒരു പരിസ്ഥിതി രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന ഒമാൻ വിഷൻ 2040 നയങ്ങളുമായി ചേർന്ന് പോകുന്നതാണ് ഈ തീരുമാനമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.