ദുബായ്: ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവിടിങ്ങളിലെ ട്രാഫിക് നവീകരണം പൂർത്തിയാക്കിയതായി RTA

GCC News

ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയ്ക്കിടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിനായുള്ള ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂലൈ 1-നാണ് RTA ഇക്കാര്യം അറിയിച്ചത്.

മെയ്ദാൻ സ്ട്രീറ്റിലൂടെ ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഷെയ്ഖ് സായിദ് റോഡിൽ നിന്ന് അൽ മെയ്ദാൻ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് നമ്പർ D69 വീതി കൂട്ടുകയും, നിലവിലെ ഒരു വരിയിൽ നിന്ന് രണ്ട് വരി പാതയാക്കുകയും ചെയ്തിട്ടുണ്ട്.

Source: Dubai RTA.

ഇതോടെ ഈ എക്സിറ്റിലൂടെ മണിക്കൂറിൽ 3000 വാഹനങ്ങൾക്ക് (നിലവിൽ 1500 വാഹനങ്ങൾ) കടന്ന് പോകാവുന്നതാണ്. തിരക്കേറിയ സമയങ്ങളിൽ ഇതിലൂടെ സഞ്ചരിക്കുന്നതിന് എടുത്തിരുന്ന യാത്രാസമയം 40% കുറയ്ക്കുന്നതിനും, കാത്ത് കിടക്കുന്ന വാഹനശ്രണിയുടെ ദൈർഘ്യം 50% വരെ കുറയ്ക്കുന്നതിനും ഈ നടപടി സഹായകമായിട്ടുണ്ടെന്ന് RTA അറിയിച്ചു.

Source: Dubai RTA.

ഇതിന് പുറമെ ഫസ്റ്റ് അൽ ഖൈൽ റോഡിന് മുകളിലൂടെയുള്ള പാലത്തിൽ ഇരുവശത്തേക്കും നിലവിൽ ഉണ്ടായിരുന്ന മൂന്ന് വരി ഗതാഗതം നാല് വരിയാക്കി ഉയർത്തിയതായും RTA അറിയിച്ചിട്ടുണ്ട്. ഇത് അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ റോഡ്, ഷെയ്ഖ് സായിദ് റോഡ്, അൽ ഹദിഖ സ്ട്രീറ്റ് എന്നിവിടങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നീക്കം കൂടുതൽ സുഗമമാക്കുന്നതാണ്.

ഇതോടെ ഈ പാലത്തിലൂടെ മണിക്കൂറിൽ 6000 വാഹനങ്ങൾക്ക് (നിലവിൽ 4500 വാഹനങ്ങൾ) കടന്ന് പോകാനാകുന്നതാണ്. ഏറ്റവും തിരക്കേറിയ വേളകളിൽ ഇതിലൂടെയുള്ള യാത്രാ സമയം ഏഴ് മിനിറ്റിൽ നിന്ന് നാല് മിനിറ്റാക്കി ചുരുക്കുന്നതിനും ഇതിലൂടെ സാധിച്ചിട്ടുണ്ട്.