സ്വർണ്ണം, കറൻസി, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവയുമായി കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുമായി ബന്ധപ്പെട്ട പുതിയ നടപടിക്രമങ്ങൾ സംബന്ധിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസറ്റംസ് അറിയിപ്പ് നൽകി. 2025 ജൂലൈ 17-നാണ് കുവൈറ്റ് കസ്റ്റംസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ضوابط حمل الأموال والمقتنيات الثمينة أثناء السفر #CGCKuwait pic.twitter.com/oy4PAFT9In
— مركز التواصل الحكومي (@CGCKuwait) July 17, 2025
സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായുള്ള മാറ്റങ്ങൾ വരുത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ഇത് പ്രകാരം സ്വർണ്ണം, കറൻസി, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവയുമായി കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കിയിട്ടുള്ള പുതിയ നിബന്ധനകൾ, ഡിക്ലറേഷൻ നടപടിക്രമങ്ങൾ എന്നിവ കുവൈറ്റ് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് കുവൈറ്റ് കസ്റ്റംസ് അധികൃതർ അറിയിച്ചിരിക്കുന്നത്:
- 3000 കുവൈറ്റ് ദിനാറോ അതിൽ കൂടുതലോ തുകയ്ക്കുള്ള കറൻസിയുമായി കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് – കുവൈറ്റ് ദിനാർ അല്ലെങ്കിൽ മറ്റു രാജ്യങ്ങളുടെ കറൻസികൾ എന്നിവയ്ക്ക് ബാധകം – പ്രവേശനവേളയിൽ കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധമാണ്.
- ആഭരണങ്ങൾ, വാച്ച്, വിലപിടിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ യാത്രികർ തങ്ങളുടെ ഹാൻഡ് ബാഗേജിൽ സൂക്ഷിക്കേണ്ടതാണ്. ഇവയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ബില്ലുകൾ കൈവശം കരുതേണ്ടതാണ്.
- എല്ലാ തരത്തിലുള്ള സ്വർണ്ണവും – ആഭരണം, ഗോൾഡ് ബാർ, കോയിനുകൾ – കസ്റ്റംസിൽ ഡിക്ലയർ ചെയ്യേണ്ടതാണ്.
- കുവൈറ്റിൽ നിന്ന് തിരികെ മടങ്ങുന്നവർ അവർ കുവൈറ്റിൽ നിന്ന് തിരികെയുള്ള യാത്ര പുറപ്പെടുന്നതിന് മുൻപായി ഒരു കസ്റ്റംസ് ഡിക്ലറേഷൻ നൽകേണ്ടതാണ്.
- കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർ ഡിക്ലറേഷൻ ഫോം, ബന്ധപ്പെട്ട ബില്ലുകൾ എന്നിവ കസ്റ്റംസിൽ സമർപ്പിക്കേണ്ടതാണ്.
മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്. ഇത്തരം വീഴ്ചകൾ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ പിടിച്ചെടുക്കപ്പെടുന്നതിനോ, നിങ്ങളെ തടഞ്ഞ് വെക്കുന്നതിനോ കാരണമാകാവുന്നതാണ്.
അനാവശ്യമായ നിയമകുരുക്കുകളും, പരിശോധനകളിലുള്ള കാലതാമസവും ഒഴിവാക്കുന്നതിനായി യാത്രികർ തങ്ങൾ വാങ്ങുന്ന ഓരോ വിലപിടിച്ച വസ്തുവിന്റെയും ബിൽ കൈവശം കരുതുന്നത് ഏറെ സഹായകമാകുന്നതാണ്.

