ഒമാൻ: വാഹനങ്ങൾ കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

featured GCC News

രാജ്യത്തെ പൊതുനിരത്തുകളിൽ വാഹനങ്ങൾ കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2025 ജൂലൈ 27-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, പൊതുനിരത്തുകളിലും, അനുവാദമില്ലാത്ത ഇടങ്ങളിലും വാഹനങ്ങൾ കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും, വാഹനങ്ങൾ ഡ്രിഫ്റ്റ് ചെയ്യുന്നതും ഒമാൻ നിയമങ്ങൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റകൃത്യമാണെന്ന് നിവാസികളെയും, പൗരന്മാരെയും പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

ഒമാൻ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ ’49/5′ പ്രകാരം ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 500 റിയൽ പിഴയോ, അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകൾ ഒരുമിച്ചോ ചുമത്തപ്പെടാവുന്നതാണ്. ഇതിന് പുറമെ ഇത്തരം ശിക്ഷാ നടപടികൾ നേരിടുന്ന ഡ്രൈവറുടെ ലൈസൻസ്, വാഹനത്തിന്റെ ലൈസൻസ് എന്നിവ റദ്ദ് ചെയ്യാനിടയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റോഡിൽ അപകടകരമായി വാഹനങ്ങളോടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) ഏതാനം ദിവസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.