ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതായി സലാം എയർ

featured GCC News

2025 ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തിയതായി സലാം എയർ അറിയിച്ചു. 2025 ഒക്ടോബർ 1-നാണ് സലാം എയർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2025 ഒക്ടോബർ 1 മുതൽ സലാം എയർ വിമാനങ്ങളിൽ പവർബാങ്കുകളുടെയും, സ്പെയർ ബാറ്ററികളുടെയും എല്ലാ തരത്തിലുള്ള ഉപയോഗവും വിലക്കിയിട്ടുണ്ട്. ലിഥിയം ബാറ്ററികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തടയുന്നതിന്റെ ഭാഗമായാണിത്.

യാത്രികർക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തങ്ങളുടെ കൈവശം ഒരു പവർബാങ്ക് കരുതുന്നതിന് അനുമതി നൽകുന്നതാണ്:

  • 100 വാട്ടിൽ താഴെയുള്ള ഒരു പവർബാങ്ക് ഹാൻഡ് ബാഗേജിൽ കൈവശം കരുതുന്നതിനാണ് അനുമതി.
  • വിമാനത്തിനുള്ളിൽ വെച്ച് ഇത്തരം പവർബാങ്ക് ഉപയോഗിച്ച് കൊണ്ട് ഉപകരണങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് അനുമതിയില്ല.
  • വിമാനത്തിലെ പവർ പോയിന്റുകളിൽ നിന്ന് ഈ പവർബാങ്ക് ചാർജ്ജ് ചെയ്യുന്നതിന് അനുമതിയില്ല.
  • വിമാനയാത്രയിലുടനീളം ഈ പവർ ബാങ്ക് ഓഫ് ചെയ്ത് വെക്കേണ്ടതാണ്.
  • ഇത്തരത്തിലുള്ള പവർബാങ്ക് അടങ്ങിയ ബാഗ് സീറ്റ് പോക്കറ്റിലോ, മുൻസീറ്റിനു കീഴിലോ വേണം സൂക്ഷിക്കാനെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
  • 100 മുതൽ 160 വാട്ട് വരെ ശേഷിയുള്ള പവർ ബാങ്കുകൾ വിമാനാധികൃതരിൽ നിന്നുള്ള മുൻ‌കൂർ അനുമതിയോട് കൂടി മാത്രമാണ് കൈവശം വെക്കുന്നതിന് അനുവദിക്കുന്നത്. ഇവയ്ക്കും മേൽപ്പറഞ്ഞ എല്ലാ നിബന്ധനകളും ബാധകമാണ്.
  • 160 വാട്ടിൽ കൂടുതൽ ശേഷിയുള്ള പവർ ബാങ്കുകൾ ഒരു കാരണവശാലും സലാം എയർ വിമാനങ്ങളിൽ അനുവദിക്കുന്നതല്ല.