ഒമാൻ: റിയൽ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ്

featured GCC News

റിയൽ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 3-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാനിലെ റിയൽ എസ്റ്റേറ്റ് മേഖലയെ എങ്ങിനെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നതെന്ന് പോലീസ് ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലേർപ്പെടുന്നതിന് മുൻപ് ജാഗ്രത പുലർത്താൻ പൗരന്മാരോടും, നിവാസികളോടും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഉടമസ്ഥാവകാശ രേഖകൾ വ്യാജമായി നിർമ്മിച്ചും, ഭൂവുടമകളും, വാടകവീട്ടുടമസ്ഥരുമായി ചമഞ്ഞ് കൊണ്ടും നടത്തുന്ന ഇത്തരം തട്ടിപ്പുകൾക്കിരയാകരുതെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപ്പാർട്മെന്റുകൾ, വില്ലകൾ മുതലായവ വാടകയ്ക്കും, വിൽക്കുന്നതിനും ലഭ്യമാണെന്ന് അറിയിക്കുന്ന പരസ്യങ്ങളിലൂടെയും, വളരെ തുച്ഛമായ നിരക്കുകളിൽ വിശ്രമകേന്ദ്രങ്ങൾ ലഭ്യമാണെന്ന് അറിയിക്കുന്ന പരസ്യങ്ങളിലൂടെയുമാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു.

ഇത്തരം തട്ടിപ്പുകൾക്കായി തട്ടിപ്പ് സംഘങ്ങൾ വ്യാജ തിരിച്ചറിയൽ രേഖകൾ, അനധികൃത കരാറുകൾ മുതലായവ ഉപയോഗപ്പെടുത്തുന്നതായും, ഇവ ഉപയോഗിച്ച് കൊണ്ട് ഇരകളെ തെറ്റിദ്ധരിപ്പിച്ച ശേഷം ഡെപ്പോസിറ്റ് എന്ന വ്യാജേനെ പണം തട്ടിയെടുക്കുന്നതായും പോലീസ് അറിയിച്ചു. റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് അംഗീകൃതമല്ലാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വരുന്ന പരസ്യങ്ങൾ തള്ളിക്കളയണമെന്നും, ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പ് വെക്കുന്നതിന് മുൻപായി അവയുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് 800-77-444 എന്ന ഹോട്ട് ലൈൻ നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയോ അധികൃതരെ ധരിപ്പിക്കാവുന്നതാണ്.