ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബലിന്റെ 45-മത് പതിപ്പ് 2025 ഒക്ടോബർ 13, തിങ്കളാഴ്ച ആരംഭിച്ചു.
Mohammed bin Rashid, accompanied by Hamdan, Maktoum, and Ahmed bin Mohammed, opens the 45th edition of GITEX GLOBAL, the world’s largest technology and artificial intelligence event. Held at the Dubai World Trade Centre, the event runs until 17 October, highlighting the latest… pic.twitter.com/Hu1khn9bti
— Dubai Media Office (@DXBMediaOffice) October 13, 2025
യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് 45-മത് ജിടെക്സ് ഗ്ലോബൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് 45-മത് ജിടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ പ്രദർശനം 2025 ഒക്ടോബർ 13 മുതൽ 17 വരെ നീണ്ട് നിൽക്കും.

യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും, ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ധനകാര്യമന്ത്രിയും, ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സെക്കൻഡ് ഡെപ്യൂട്ടി H.H. ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഉദ്ഘാടന ചടങ്ങിൽ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം പങ്കെടുത്തു.
സാങ്കേതികവിദ്യ, നിർമ്മിതബുദ്ധി തുടങ്ങിയ മേഖലകളിലെ ഏറ്റവം നൂതനമായ കണ്ടെത്തലുകൾ ഇത്തവണത്തെ ജിടെക്സ് ഗ്ലോബലിൽ അവതരിപ്പിക്കുന്നുണ്ട്.

ഉദ്ഘാടനത്തിന് ശേഷം ദുബായ് ഭരണാധികാരി ജിടെക്സ് ഗ്ലോബൽ വേദിയിലൂടെ പര്യടനം നടത്തി. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ യു എ ഇ അതിന്റെ പുരോഗതിയിലേക്കുള്ള യാത്രയെ അതിവേഗത്തിലാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർമ്മിതബുദ്ധി ഉൾപ്പടെയുള്ള നൂതനസാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് യു എ ഇ അടിസ്ഥാന സൗകര്യങ്ങൾ, ഭാവി മുൻനിർത്തിയുള്ള വ്യവസായങ്ങൾ എന്നീ മേഖലകളിൽ തന്ത്രപരമായ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതായും ഇതിലൂടെ ഒരു ഡിജിറ്റൽ എക്കണോമി വളർത്തിയെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിടെക്സ് ഗ്ലോബൽ 2025 വേദിയിലെ വിവിധ പവലിയനുകൾ അദ്ദേഹവും സംഘവും സന്ദർശിച്ചു. ആമസോൺ വെബ് സർവീസസ്, G42, IBM, e&, മൈക്രോസോഫ്ട്, ഒറാക്കിൾ, വാവെയ് തുടങ്ങിയ പവലിയനുകളിലെത്തിയ അദ്ദേഹം ടെക്നോളജി രംഗത്തെ പ്രമുഖരുമായി സംവദിച്ചു.
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നാണ് ജിടെക്സ് ഗ്ലോബൽ. ഇത്തവണത്തെ ജിടെക്സ് ഗ്ലോബലിൽ 180 രാജ്യങ്ങളിൽ നിന്നായി 6800-ൽ പരം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ഇതിൽ 2000 സ്റ്റാർട്ടപ്പുകളും ഉൾപ്പെടുന്നു.
ജിടെക്സ് ഗ്ലോബലിന്റെ അടുത്ത പതിപ്പ് (2026) മുതൽ പ്രദർശനത്തിന്റെ വേദി എക്സ്പോ സിറ്റി ദുബായിലേക്ക് മാറ്റുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
WAM

