അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേരിയബിൾ സ്പീഡ് ലിമിറ്റ് നടപ്പിലാക്കും

featured GCC News

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേരിയബിൾ സ്പീഡ് ലിമിറ്റ് നടപ്പിലാക്കാൻ തീരുമാനിച്ചതായി അബുദാബി മൊബിലിറ്റി അറിയിച്ചു. 2025 ഒക്ടോബർ 24-നാണ് അബുദാബി മൊബിലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2025 ഒക്ടോബർ 27, തിങ്കളാഴ്ച മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേരിയബിൾ സ്പീഡ് ലിമിറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതാണ്. ട്രാഫിക് സുഗമമാക്കുന്നതിനും, റോഡ് സുരക്ഷ ഉയർത്തുന്നതിനുമാണിത്.

ഈ തീരുമാനം നടപ്പിലാക്കുന്നതോടെ താഴെ പറയുന്ന സാഹചര്യങ്ങളിൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേഗപരിധി സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുന്നതാണ്:

  • മഴ, മണൽക്കാറ്റ് തുടങ്ങിയ അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളിൽ.
  • ഗതാഗത തിരക്കേറിയ സമയങ്ങളിൽ.
  • ഈ റോഡിലെ ട്രാഫിക്കിനെ ബാധിക്കുന്ന വലിയ പരിപാടികൾ നടക്കുന്ന അവസരങ്ങളിൽ.
  • റോഡ് അറ്റകുറ്റപ്പണികൾ, താത്കാലികമായുള്ള ലെയിൻ അടച്ചിടലുകൾ തുടങ്ങിയ സാഹചര്യങ്ങളിൽ.

ഈ റോഡിൽ പ്രദർശിപ്പിച്ചിട്ടുള്ള വേഗപരിധി സംബന്ധിച്ച അറിയിപ്പുകൾ കർശനമായി പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തത്സമയം നടപ്പിലാക്കുന്ന വേഗപരിധിയിലെ മാറ്റങ്ങൾ ഈ റോഡിലെ അപകടങ്ങൾ, ഗതാഗതകുരുക്ക് എന്നിവ ഒഴിവാക്കുന്നതിനാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.