ഉംറ എൻട്രി വിസ അനുവദിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം തീർത്ഥാടകൻ സൗദിയിലേക്ക് പ്രവേശിക്കണം

featured GCC News

ഉംറ എൻട്രി വിസ അനുവദിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം തീർത്ഥാടകൻ സൗദി അറേബ്യയിലേക്ക് പ്രവേശിക്കണമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ റിപ്പോർട്ട് പ്രകാരം, ഉംറ എൻട്രി വിസകളുടെ സാധുത (അനുവദിക്കുന്ന തീയതി മുതൽ രാജ്യത്തേക്ക് പ്രവേശിക്കേണ്ട തീയതി വരെയുള്ള കാലാവധി) മൂന്ന് മാസത്തിൽ നിന്ന് ഒരു മാസമാക്കി കുറച്ചിട്ടുണ്ട്. എന്നാൽ ഉംറ വിസ ഉപയോഗിച്ച് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്ത് മൂന്ന് മാസം വരെ തുടരാൻ അനുവാദം നൽകിയിട്ടുള്ളതിൽ മാറ്റം വരുത്തിയിട്ടില്ല.

ഇത്തരം വിസകൾ അനുവദിക്കുന്ന തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ തീർത്ഥാടകർ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാത്ത സാഹചര്യത്തിൽ ഉംറ എൻട്രി വിസകൾ അസാധു ആകുന്നതാണ്. ഈ തീരുമാനം വരുന്ന ആഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.