യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുബായ് എയർഷോ സന്ദർശിച്ചു. 2025 നവംബർ 19-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
UAE President visits third day of Dubai Airshow 2025#WamNews https://t.co/h0G6r7IAdj pic.twitter.com/Og3l2Dasdw
— WAM English (@WAMNEWS_ENG) November 19, 2025
പത്തൊമ്പതാമത് ദുബായ് എയർഷോയുടെ മൂന്നാം ദിനത്തിലാണ് അദ്ദേഹം സന്ദർശിച്ചത്. ദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് 2025 നവംബർ 17, തിങ്കളാഴ്ച ആരംഭിച്ചിരുന്നു.
ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് ഈ വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്. 2025 നവംബർ 17 മുതൽ നവംബർ 21 വരെയാണ് പത്തൊമ്പതാമത് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് ദുബായ് എയർഷോ വേദിയിലൂടെ പര്യടനം നടത്തി. വിമാന നിർമ്മാണം, വ്യോമപ്രതിരോധ സംവിധാനങ്ങളുടെ രൂപകൽപ്പന തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ അന്താരാഷ്ട്ര, പ്രാദേശിക കമ്പനികളുടെ പവലിയനുകൾ അദ്ദേഹം സന്ദർശിച്ചു.

വ്യോമയാന മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ, ഏറ്റവും പുതിയ സിവിൽ, മിലിറ്ററി വിമാനങ്ങൾ, ആളില്ലാത്ത വിമാനങ്ങൾ, നൂതന റഡാർ സംവിധാനങ്ങൾ മുതലായവ അദ്ദേഹം നേരിട്ട് കണ്ട് മനസ്സിലാക്കി.
യു എ ഇ നേതാക്കളുടെയും, ഉന്നത ഉദ്യോഗസ്ഥരുടെയും, വ്യോമയാന മേഖലയിലെ പ്രമുഖരുടെയും വലിയ പങ്കാളിത്തത്തോടെയാണ് പത്തൊമ്പതാമത് ദുബായ് എയർഷോ ആരംഭിച്ചത്.
ഇത്തവണത്തെ ദുബായ് എയർഷോയിൽ വ്യോമയാന, ബഹിരാകാശ, പ്രതിരോധ മേഖലകളിലെ ആയിരത്തി അഞ്ഞൂറിലധികം കമ്പനികൾ പങ്കെടുക്കുന്നുണ്ട്. ഇതിൽ 440 കമ്പനികൾ ഇതാദ്യമായാണ് ദുബായ് എയർഷോയിൽ പങ്കെടുക്കുന്നത്.
WAM

