ഒമാൻ: അവധിദിനങ്ങളിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച് GFOW അറിയിപ്പ് നൽകി

featured GCC News

ഔദ്യോഗിക അവധിദിനങ്ങളിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് ഒമാനിലെ തൊഴിൽ നിയമങ്ങൾ അനുസരിച്ച് നൽകേണ്ടതായ ആനുകൂല്യങ്ങൾ സംബന്ധിച്ച് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (GFOW) അറിയിപ്പ് നൽകി. 2025 നവംബർ 25-നാണ് GFOW ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാനിലെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 79 പ്രകാരം ഔദ്യോഗിക അവധിദിനങ്ങളിൽ തൊഴിലാളികൾക്ക് അവരുടെ മുഴുവൻ വേതനവും ലഭിക്കുന്നതിന് അർഹതയുണ്ട്.

ഇത്തരം അവധിദിനങ്ങളിൽ ഒരു ജീവനക്കാരൻ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ അത് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കണമെന്ന് GFOW വ്യക്തമാക്കിയിട്ടുണ്ട്:

  • ഔദ്യോഗിക അവധിദിനങ്ങളിൽ ജോലിക്കെത്തേണ്ടതായ ജീവനക്കാർക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മുൻകൂട്ടി രേഖാമൂലം തൊഴിലുടമ നൽകേണ്ടതാണ്.
  • ഔദ്യോഗിക അവധിദിനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അതിന് പകരമായി അവരുടെ ദിനംപ്രതിയുള്ള അടിസ്ഥാന വേതനം, അവധിദിനത്തിനുള്ള ശമ്പളം എന്നിവ രണ്ടും, അല്ലെങ്കിൽ പകരമായി മറ്റൊരു അവധിദിനമോ (തൊഴിലെടുക്കുന്ന ഓരോ അവധിദിനത്തിനും മറ്റൊരു അവധിദിനം എന്ന കണക്കിൽ) നൽകേണ്ടതാണ്.
  • ഔദ്യോഗിക അവധിദിനങ്ങളിൽ ഓവർടൈം എടുക്കുന്നത് സ്വീകരിക്കുന്നതിനോ, നിരസിക്കുന്നതിനോ ജീവനക്കാർക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.