ശൈത്യകാല ക്യാമ്പിംഗ്: മാർഗ്ഗനിർദേശങ്ങളുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

featured Oman

ശൈത്യകാല ക്യാമ്പിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2025 ഡിസംബർ 10-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മസ്കറ്റ് ഗവർണറേറ്റിൽ വിന്റർ ക്യാമ്പിംഗ് ചെയ്യുന്നവർ ഇതുമായി ബന്ധപ്പെട്ട് അധികൃതർ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും, മാനദണ്ഡങ്ങളും പാലിക്കണമെന്ന് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. പിഴകൾ ഒഴിവാക്കുന്നതിനും, സുരക്ഷിതമായ ഒരു ക്യാമ്പിംഗ് അനുഭവം ആസ്വദിക്കുന്നതിനും ഇത് പ്രധാനമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് മസ്കറ്റ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്:

ക്യാമ്പിംഗ് സൈറ്റുകൾക്കുള്ള സുരക്ഷാ നിബന്ധനകൾ:

  • മുനിസിപ്പാലിറ്റി ക്യാമ്പിങ്ങിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളായിരിക്കണം ഇതിനായി ഉപയോഗിക്കേണ്ടത്. പെർമിറ്റുകൾ നിർബന്ധമാണ്.
  • ബീച്ചുകളിൽ നിന്ന് ചുരുങ്ങിയത് 10 മീറ്ററെങ്കിലും അകലം പാലിച്ചായിരിക്കണം ക്യാമ്പ് ഒരുക്കേണ്ടത്.
  • ഓരോ ക്യാമ്പുകളും തമ്മിൽ ചുരുങ്ങിയത് 5 മീറ്ററെങ്കിലും ദൂരം പാലിക്കേണ്ടതാണ്.
  • മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ഇടങ്ങൾ, സുരക്ഷ മുൻനിർത്തി പ്രവേശനം വിലക്കിയിട്ടുള്ള ഇടങ്ങൾ എന്നിവയ്ക്കരികിൽ ക്യാമ്പുകൾ ഒരുക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • ക്യാമ്പുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങൾ ഒരുക്കേണ്ടത് ക്യാമ്പ് ലൈസൻസ് ലഭിച്ചിട്ടുള്ള വ്യക്തിയുടെ ഉത്തരവാദിത്വമാണ്.
  • ക്യാമ്പിന് ചുറ്റും വേലി ഒരുക്കുന്നതിനായി കാഴ്ചയ്ക്ക് തടസം ഉണ്ടാക്കുന്ന രീതിയിലുള്ള വസ്തുക്കൾ ഉപയോഗിക്കരുത്.
  • ക്യാമ്പുകളിൽ ലേസർ, മുകളിലേക്ക് അടിക്കുന്ന ലൈറ്റുകൾ മുതലായവ ഉപയോഗിക്കരുത്.

ക്യാമ്പിംഗ് ഇടങ്ങളിൽ ഏർപ്പെടുത്തിയിട്ടുളള മറ്റു നിബന്ധനകൾ:

  • ക്യാമ്പുകളുടെ (കാരവൻ, ടെന്റ് എന്നിവയ്ക്ക് ഉൾപ്പടെ ബാധകം) മുൻവശത്ത് ഒരു ബോർഡിലായി ക്യാമ്പ് പെർമിറ്റ് ലൈസൻസ് നമ്പർ പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്.
  • ക്യാമ്പിംഗ് ഇടങ്ങളിൽ ഒരു കാരണവശാലും കോൺക്രീറ്റ്, മറ്റു നിർമ്മാണവസ്തുക്കൾ എന്നിവ ഉപയോഗിക്കരുത്.
  • ക്യാമ്പിംഗ് ലൈസൻസ് മറ്റൊരു വ്യക്തിയ്ക്ക് കൈമാറുകയോ, ലൈസൻസിൽ പറഞ്ഞിരിക്കുന്ന ക്യാമ്പിംഗ് ഇടങ്ങളിലല്ലാതെ മറ്റൊരിടത്ത് ക്യാമ്പ് ഒരുക്കുന്നതിനായി ഉപയോഗിക്കുകയോ ചെയ്യരുത്.
  • ക്യാമ്പിംഗ് ഇടങ്ങളുടെ നിലം വലിയ മെഷീനുകൾ ഉപയോഗിച്ച് നിരപ്പാക്കുന്നതും, കല്ലോ, കോൺക്രീറ്റോ മറ്റോ വിരിക്കുന്നതും ഉൾപ്പടെയുള്ള ഒരു തരത്തിലുള്ള പ്രവർത്തികളും അനുവദിക്കുന്നതല്ല.
  • ശബ്ദമുണ്ടാക്കുന്ന രീതിയിലുള്ള ജനറേറ്ററുകൾ ഉപയോഗിക്കരുത്.