യു എ ഇ: 2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കൂടുതൽ പ്ലാസ്റ്റിക് ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തും

featured GCC News

രാജ്യത്ത് 2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കൂടുതൽ പ്ലാസ്റ്റിക് ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു.

2025 ഡിസംബർ 17-നാണ് യു എ ഇ മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിറോണ്മെന്റ് (MOCCAE) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2026 ജനുവരി 1 മുതൽ യു എ ഇയിൽ ‘2022/ 380’ എന്ന മന്ത്രിതല തീരുമാനത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത് ആരംഭിക്കുമെന്ന് MOCCAE വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം യു എ ഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കൂടുതൽ പ്ലാസ്റ്റിക് ഉപകരണങ്ങളുടെ ഇറക്കുമതി, നിർമ്മാണം, വ്യാപാരം എന്നിവ നിരോധിക്കപ്പെടുന്നതാണ്.

മലിനീകരണം നിയന്ത്രിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. എല്ലാ വ്യാപാരികളും, വിതരണക്കാരും, സ്ഥാപനങ്ങളും ഈ തീരുമാനം കർശനമായി പാലിക്കണമെന്ന് MOCCAE ആഹ്വാനം ചെയ്തിട്ടുണ്ട്.

2026 ജനുവരി 1 മുതൽ യു എ ഇയിൽ നിരോധിച്ചിട്ടുള്ള പ്ലാസ്റ്റിക് ഉപകരണങ്ങൾ:

  • പ്ലാസ്റ്റിക് കപ്പുകൾ.
  • ഇത്തരം കപ്പുകൾക്കുള്ള പ്ലാസ്റ്റിക് അടപ്പുകൾ.
  • പ്ലാസ്റ്റിക്കിൽ നിർമ്മിച്ചിട്ടുള്ള കത്തി, മുള്ള്‌, സ്‌പൂണ്‍, ചോപ്സ്റ്റിക് മുതലായ ഉപകരണങ്ങൾ.
  • പ്ലാസ്റ്റിക് പ്ലേറ്റുകൾ, പ്ലാസ്റ്റിക് സ്ട്രോ. പാനീയങ്ങൾ ഇളക്കുന്നതിനുള്ള സ്റ്റിക്കുകൾ.
  • സ്റ്റൈറോഫോം ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഭക്ഷണം നിറയ്ക്കുന്നതിനുള്ള പാത്രങ്ങൾ, പെട്ടികൾ.

ഇതിന് പുറമെ അമ്പത് മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാത്തരത്തിലുള്ള ബാഗുകൾക്കും (പേപ്പർ കൊണ്ട് നിർമ്മിച്ചത് ഉൾപ്പടെ) 2026 ജനുവരി 1 മുതൽ യു എ ഇയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.