ഈ വർഷത്തെ പുതുവത്സരാഘോഷ വേളയിൽ അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി അഞ്ച് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു. 2026 ജനുവരി 2-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
مهرجان الشيخ زايد يحطّم خمسة أرقام قياسية في موسوعة غينيس خلال احتفالاته برأس السنة الجديدة، منها تسجيل أكبر عرض للألعاب النارية وأضخم عرض لطائرات "الدرون"، وإطلاق 500,000 بالون صديق للبيئة، ما يعكس مكانة المهرجان كأحد أبرز الفعاليات الاحتفالية العالمية. pic.twitter.com/HLLTIz7ZLF
— مكتب أبوظبي الإعلامي (@ADMediaOffice) January 2, 2026
ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിലെ പുതുവർഷാഘോഷ ചടങ്ങുകൾ
അഭൂതപൂർവമായ വിജയം കൈവരിച്ചതായി സംഘാടകർ അറിയിച്ചു. ആഗോളതലത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒരു ആഘോഷപരിപാടി എന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ സ്ഥാനത്തിന് അടിവരയിടുന്നതാണ് ഈ നേട്ടമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.
ജനപങ്കാളിത്തം കൊണ്ടും, വിപുലമായ അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടിങ് കൊണ്ടും ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിലെ പുതുവത്സരാഘോഷ ചടങ്ങുകൾ ഏറെ ശ്രദ്ധ നേടി. 2026-നെ വരവേൽക്കുന്നതിനായി 2025 ഡിസംബർ 31-ന് രാത്രി 163000-ത്തിലധികം സന്ദർശകർ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിലെത്തിയിരുന്നു.
ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ നടന്ന അതിഗംഭീരമായ കരിമരുന്ന് പ്രദർശനം കാണുന്നതിനായി സമീപപ്രദേശങ്ങളിലെ പൊതു ഇടങ്ങളിൽ ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേരെത്തിയതായി അധികൃതർ ചൂണ്ടിക്കാട്ടി. റോയിട്ടേഴ്‌സ്, സിഎൻഎൻ എന്നിവ ഉൾപ്പടെ 600-ൽ പരം അന്താരാഷ്ട്ര ടെലിവിഷൻ ശൃംഖലകളിലൂടെ ഈ പുതുവത്സരാഘോഷ പരിപാടികൾ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
2026-നെ വരവേറ്റുകൊണ്ട് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പിറന്ന അഞ്ച് ഗിന്നസ് റെക്കോർഡുകളിൽ നാലെണ്ണം കരിമരുന്ന് പ്രദർശനവുമായി ബന്ധപ്പെട്ടും, ഒരു റെക്കോർഡ് ഡ്രോൺ ഷോയുമായി ബന്ധപ്പെട്ടുള്ളതുമാണ്. 2026-ലെ പുതുവർഷവേളയിൽ നടന്ന കരിമരുന്ന് പ്രദർശനം വലിപ്പത്തിലും, ദൈർഘ്യത്തിലും, ആകൃതിയിലുമായി നാല് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് നേടിയത്.
62 മിനിറ്റ് നീണ്ട് നിന്ന ഈ വെടിക്കെട്ട് ലോകത്തെ ഏറ്റവും വലിയ കരിമരുന്ന് പ്രദർശനം എന്ന റെക്കോർഡിനൊപ്പം മുപ്പത് സെക്കന്റിൽ ഏറ്റവും കൂടുതൽ വാട്ടർഫാൾ ഫയർവർക്സ്, മുപ്പത് സെക്കന്റിൽ ഏറ്റവും കൂടുതൽ വിസിൽ-സൗണ്ട് ഫയർവർക്സ്, മുപ്പത് സെക്കന്റിൽ ഏറ്റവും കൂടുതൽ തണ്ടർ ഫയർവർക്സ്, മുപ്പത് സെക്കന്റിൽ ഏറ്റവും കൂടുതൽ റിങ്ങ് ആകൃതിയിലുള്ള ഫയർവർക്സ് എന്നീ നേട്ടങ്ങളും കരസ്ഥമാക്കി.
തുടർന്ന് 2026-നെ സ്വാഗതം ചെയ്ത് കൊണ്ട് 6500 ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് അൽ വത്ബയുടെ ആകാശത്ത് സഞ്ചരിക്കുന്ന രീതിയിൽ നടത്തിയ ഇരുപത് മിനിറ്റ് നീണ്ട ഭീമാകാരമായ ഡ്രോൺ ഷോ ലോകത്തെ ഏറ്റവും വലിയ ഡ്രോൺ ഷോ എന്ന റെക്കോർഡ് നേട്ടവും കൈവരിച്ചു.
ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ മുന്നോട്ട് വെക്കുന്ന സുസ്ഥിരതയിലൂന്നിയുള്ള ആശയങ്ങളോടുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതിനായി തുടർന്ന് വേദിയിൽ 500,000 പരിസ്ഥിതി സൗഹൃദ ബലൂണുകൾ പറത്തിവിട്ടു. ഇതിൽ ഓരോ ബലൂണിലും പ്രാദേശിക മരങ്ങളുടെയും ചെടികളുടെയും വിത്തുകൾ ഉണ്ടായിരുന്നു. ഇതിലൂടെ പുതുവത്സരാഘോഷങ്ങളുടെ നിമിഷങ്ങളെ ഭാവി തലമുറകളോടുള്ള ഉത്തരവാദിത്തത്തെ ഉയർത്തിക്കാട്ടുന്ന അർത്ഥവത്തായ പാരിസ്ഥിതിക സന്ദേശമാക്കി മാറ്റുകയായിരുന്നു സംഘാടകർ.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ വിവിധ കലാ, സാംസ്‌കാരിക പരിപാടികൾ നടന്നു.
Cover Image: Abu Dhabi Media Office.

