യു എ ഇ: ഡ്രോൺ, ഗ്ലൈഡറുകൾ തുടങ്ങിയവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

featured GCC News

രാജ്യത്ത് ഡ്രോണുകൾ, ഗ്ലൈഡറുകൾ, ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകൾ തുടങ്ങിയവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. 2026 മാർച്ച് 1-നാണ് GCAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ നിരോധനം 2026 ഫെബ്രുവരി 28, ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നിലവിൽ ഒരാഴ്ചത്തേക്കാണ് ഈ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത്, പൊതുജന സുരക്ഷ, ദേശീയ വ്യോമാതിർത്തിയുടെ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഈ കാലയളവിൽ ഇത്തരം വിമാനങ്ങളുടെ ഏതെങ്കിലും രീതിയിലുളള പ്രവർത്തനം അല്ലെങ്കിൽ വിക്ഷേപണം കർശനമായി നിരോധിച്ചിട്ടുണ്ട്.

ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും GCAA വ്യക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും ആവശ്യമെങ്കിൽ ഈ നിരോധനം നീട്ടുമെന്നും GCAA കൂട്ടിച്ചേർത്തു.